ഇമോഷണൽ ഡ്രാമ ചിത്രം ‘അരികിൽ’ വടക്കഞ്ചേരിയിൽ ആരംഭിച്ചു; ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രമാകുന്നു.

വടക്കഞ്ചേരി: സ്നേഹം പറയാനോ പ്രകടിപ്പിക്കാനോ ശീലിച്ചിട്ടില്ലാത്ത, അത്യന്തം ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിതകഥ പറയുന്ന ‘അരികിൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ രജീഷ് രാജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്നത്.
തികച്ചും ലളിതമായി നടന്ന പൂജ ചടങ്ങിൽ നടൻ ജെയ്സ് ജോസിന്റെ മാതാപിതാക്കളായ പി. എക്സ്. ജോസും മേരി ജോസും ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. ഫാദർ സേവ്യർ വളയത്തിൽ സ്വിച്ചോൺ കർമ്മവും സംവിധായകൻ രജീഷ് രാജൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.
ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ ജെയ്സ് ജോസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായരെ അവതരിപ്പിക്കുന്നത്. അസാമാന്യമായ അഭിനയ മുഹൂർത്തങ്ങൾക്ക് സാധ്യതയുള്ള ഈ കഥാപാത്രം നടൻ ജെയ്സ് ജോസിന്റെ ചലച്ചിത്ര ജീവിതത്തിൽ വലിയ വഴിത്തിരിവാകും.
ഡാഡീഡ്രീം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡക്ഷൻ സി.ജി. ഗ്രൂപ്പാണ് നിർവ്വഹിക്കുന്നത്. ശ്രീജിത്ത് ഇടവന സംഗീതവും, സിബി ജോസഫ് ഛായാഗ്രഹണവും, സുജീർ ബാബു സുരേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈൻ ഷാജു സെബാസ്റ്റ്യൻ, കലാസംവിധാനം മോഹൻദാസ്, മേക്കപ്പ് മാളു എസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കെ. മത്തായി എന്നിവരാണ്.
വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം പരിസരങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
For more details: The Indian Messenger



