സിനിമയ്ക്കായി 80 ഏക്കറിൽ കൂറ്റൻ ഗ്രാമം ഒരുക്കി; രജിത് മേനോൻ ചിത്രം ‘ചിറ്റുകുറിഞ്ഞി’ നവംബർ 27-ന് തീയറ്ററുകളിലേക്ക്.

ചെന്നൈ: യുവതാരം രജിത് മേനോൻ, ദീപ്ഷിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വി.ജെ. മീനാക്ഷി സുന്ദരം തമിഴിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ റൊമാന്റിക് ത്രില്ലർ ചിത്രം ‘ചിറ്റുകുറിഞ്ഞി’ റിലീസിന് ഒരുങ്ങുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് മീഡിയ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി. ജൂഡ് അനന്ത്, എ.വി. സൊല്യൂഷൻസിന്റെ ബാനറിൽ രാജേഷ് ആർ. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 27-ന് തീയറ്ററുകളിൽ എത്തും.
പ്രണയം, ഹ്യൂമർ, ഫാന്റസി എന്നിവ സമന്വയിപ്പിച്ച് 1983, 2023 എന്നീ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ കൂട്ടിയിണക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തികച്ചും നവ്യമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. സൻഹാ സ്റ്റുഡിയോ റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.
1983-ന്റെ പശ്ചാത്തലത്തിൽ പശ്ചാത്തലമൊരുക്കിയിരിക്കുന്ന ഈ സിനിമയ്ക്കായി കൊടൈക്കനാലിലെ പള്ളങ്കി മലയോര മേഖലയിൽ ഏകദേശം 80 ഏക്കർ വിസ്തൃതിയിൽ കൂറ്റൻ ഗ്രാമീണ സെറ്റാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. അക്കാലഘട്ടത്തിന്റെ സ്വാഭാവിക അന്തരീക്ഷം തികച്ചും തന്മയത്വത്തോടെ ചിത്രത്തിൽ പുനഃസൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി.
For more details: The Indian Messenger



