INDIA NEWSTOP NEWS

അസമിൽ കാണാതായ ബി.എസ്.എഫ് ജവാന്റെ മൃതദേഹം കുശിയാറ നദിയിൽ നിന്ന് കണ്ടെടുത്തു.

കച്ചാർ (അസം): അസമിലെ കച്ചാർ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്തുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച പുലർച്ചെ കാണാതായ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) കോണ്‍സ്റ്റബിളിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ സമീപത്തെ ശ്രീഭൂമി ജില്ലയിലെ കുശിയാറ നദിയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി. രണ്ടുദിവസമായി തുടർന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ബി.എസ്.എഫ് 75-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ (ജി.ഡി) കെ. വേണു (32) ആണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ല സ്വദേശിയായ ഇദ്ദേഹം കച്ചാറിലെ കാട്ടിഗോറ മേഖലയിലുള്ള ഹരിനഗർ ബോർഡർ ഔട്ട്‌പോസ്റ്റിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ 3:10-ഓടെ ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര യാദവിനൊപ്പം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 4-5 കന്നുകാലി കടത്തുകാരെ പിന്തുടരുന്നതിനിടെയാണ് വേണുവിനെ കാണാതാകുന്നത്.

രക്ഷപ്പെടാനായി കന്നുകാലി കടത്തുകാർ നദിയിലേക്ക് ചാടിയപ്പോൾ ഇവരെ പിടികൂടാൻ രണ്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥരും നദിയിലേക്ക് ഇറങ്ങി. ഇതിൽ ജിതേന്ദ്ര യാദവ് നീന്തി സുരക്ഷിതമായി കരയ്ക്കടുത്തുവെങ്കിലും വേണുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് രണ്ടുദിവസമായി ബി.എസ്.എഫ് തെരച്ചിൽ നടത്തി വരികയായിരുന്നു.

“ഇന്ന് രാവിലെ 8.20-ഓടെ സമീപ ജില്ലയായ ശ്രീഭൂമിയിലെ സ്റ്റീമർഘട്ടിന് അടുത്തുള്ള കുശിയാറ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഹരിനഗറിന് സമീപം നദിയിലിറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 22 കിലോമീറ്റർ താഴെയായാണ് മൃതദേഹം ഒഴുകിയെത്തിയത്. യൂണിഫോമിലായിരുന്നതിനാൽ ഉദ്യോഗസ്ഥനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു,” എന്ന് മിസോറാം ആന്റ് കച്ചാർ ഫ്രോണ്ടിയർ ഡി.ഐ.ജി അഹ്സൻ ഷാഹിദി അറിയിച്ചു.

മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.

മരണകാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും ഡി.ഐ.ജി ഷാഹിദി പറഞ്ഞു. 2017-ൽ ബി.എസ്.എഫിൽ ചേർന്ന വേണുവിന് മാതാപിതാക്കളും ഭാര്യയും നാല് മാസം പ്രായമുള്ള ഒരു മകളുമുണ്ട്. സിൽച്ചാറിൽ നൽകുന്ന ഗാർഡ് ഓഫ് ഓണറിന് ശേഷം ഭൗതികശരീരം വ്യാഴാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

For more details: The Indian Messenger

Related Articles

Back to top button