യു.എസ് സേനയ്ക്കെതിരെ ആക്രമണം നടത്താൻ ഇറാൻ സ്റ്റാർലിങ്ക് ഉപയോഗിച്ചതായി റിപ്പോർട്ട്.

വാഷിംഗ്ടൺ: പടിഞ്ഞാറൻ ഏഷ്യയിലെ യു.എസ് സേനയ്ക്കെതിരായ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിനുമായി ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ‘സ്റ്റാർലിങ്ക്’ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇറാൻ ദുരുപയോഗം ചെയ്തതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സൈനികരുടെ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനും വൺവേ ആക്രമണ ഡ്രോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സ്റ്റാർലിങ്ക് ഉപയോഗിച്ചതായാണ് വിഷയം അറിയാവുന്ന വ്യക്തികളെ ഉദ്ധരിച്ച് മാധ്യമം വെളിപ്പെടുത്തിയത്.
ഇറാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ കമാൻഡ് ആൻഡ് കൺട്രോൾ ആവശ്യങ്ങൾക്കും ഡ്രോൺ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് സമർപ്പിച്ച രഹസ്യ പെന്റഗൺ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി പത്ര റിപ്പോർട്ടിൽ പറയുന്നു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഫെബ്രുവരി അവസാനത്തോടെ പടിഞ്ഞാറൻ ഏഷ്യയിലുടനീളമുള്ള യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ പ്രത്യാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
ഇറാൻ സ്റ്റാർലിങ്ക് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച വിവരം മാർച്ച് ആദ്യ വാരത്തിൽ അറിഞ്ഞതോടെ ഇലോൺ മാസ്ക് കടുത്ത അമർഷത്തിലായെന്ന് കമ്പനിക്കുള്ളിലെ ചർച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് വ്യക്തികൾ വ്യക്തമാക്കി. ഇറാൻ തങ്ങളുടെ സൈനിക പ്രചാരണത്തിനായി സാറ്റലൈറ്റ് നെറ്റ്വർക്ക് ഉപയോഗിച്ചതായി മറ്റ് നാല് സ്രോതസ്സുകളും സ്ഥിരീകരിച്ചു. യു.എസ് സേനയ്ക്കെതിരെയുള്ള ഇറാന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യയുടെ രണ്ട് അനധികൃത ഉപയോഗങ്ങളെക്കുറിച്ച് മാസ്ക് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. യു.എസ് ആക്രമണങ്ങളിൽ രാജ്യത്തിന്റെ പരമ്പരാഗത വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതോടെ സ്റ്റാർലിങ്ക് ബദൽ വാർത്താവിനിമയ മാർഗ്ഗമായി മാറുകയായിരുന്നു.
അതേസമയം, സ്റ്റാർലിങ്ക് ഉപയോഗിച്ചെന്ന വാർത്തകളോട് പ്രതികരിക്കാൻ പെന്റഗൺ അധികൃതർ തയ്യാറായില്ല. ഇത്തരമൊരു സെൻട്രൽ കമാൻഡ് റിപ്പോർട്ടിനെക്കുറിച്ച് വകുപ്പിന് അറിവില്ലെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി കിംഗ്സ്ലി വിൽസൺ പറഞ്ഞു. കുവൈറ്റിലെ പോർട്ട് ശുഐബയിലുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങളിൽ ഇറാൻ സേന സ്റ്റാർലിങ്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ അവർ വിസമ്മതിച്ചു. വിഷയത്തിൽ സ്പേസ് എക്സും ഇറാന്റെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.
മാർച്ച് 1-ന് കുവൈറ്റിലെ പോർട്ട് ശുഐബയിലുള്ള യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് യു.എസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റാർലിങ്കിന്റെ ദുരുപയോഗത്തെക്കുറിച്ച് സ്പേസ് എക്സ് പരിശോധന തുടങ്ങിയത്. ഇതിന്റെ ഭാഗമായി മണിക്കൂറിൽ 100 മൈലിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കും ഉപകരണങ്ങൾക്കും ഐഡന്റിറ്റി വെരിഫിക്കേഷൻ നിർബന്ധമാക്കുകയും വിതരണ ശൃംഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. എങ്കിലും പൊതുവിപണിയിൽ ലഭ്യമാകുന്ന സാറ്റലൈറ്റ് ടെർമിനലുകൾ എതിരാളികളുടെ കൈകളിൽ എത്തുന്നത് തടയുന്നത് വെല്ലുവിളിയായി തുടരുകയാണ്.
ഇറാനിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ഔദ്യോഗിക ലൈസൻസില്ലെങ്കിലും സേവനം അവിടെ ലഭ്യമാണെന്ന് മാസ്ക് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനകീയ പ്രക്ഷോഭങ്ങൾ ശക്തമായ സമയത്ത് ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോൾ സാധാരണക്കാർക്ക് വിവരങ്ങൾ കൈമാറാൻ സ്റ്റാർലിങ്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാൽ സൈനിക ദുരുപയോഗം തടയാൻ സേവനം വിച്ഛേദിച്ചാൽ അത് ഇന്റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാൻ സ്റ്റാർലിങ്കിനെ ആശ്രയിക്കുന്ന സാധാരണക്കാരെയും പ്രക്ഷോഭകരെയും പ്രതികൂലമായി ബാധിക്കുമെന്ന ധർമ്മസങ്കടത്തിലാണ് അധികൃതർ.
For more details: The Indian Messenger



