മണ്ഡല പുനർനിർണ്ണയ ബിൽ: അന്ന് ബില്ല് കത്തിച്ചവർ ഇന്ന് പിന്തുണയ്ക്കും; നിലപാടിലുറച്ച് ഡി.എം.കെ, അനുനയ നീക്കം പാളുന്നു?.

ലോക്സഭയിൽ മണ്ഡല പുനർനിർണ്ണയ ബിൽ അവതരിപ്പിക്കാനിരിക്കെ അതിനിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദേശീയ രാഷ്ട്രീയം. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡി.എം.കെയെ അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നേതാക്കൾ ഒന്നടങ്കം ചെന്നൈയിലെത്തി. ചാർട്ടേഡ് വിമാനത്തിലാണ് നേതാക്കളുടെ യാത്ര. ബിൽ പാസാക്കാനുള്ള കണക്കൊപ്പിക്കാൻ മറുവശത്ത് സകല തന്ത്രങ്ങളും പയറ്റുകയാണ് ബി.ജെ.പി. ബില്ലിനെ എതിർക്കണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ പോസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി കോൺഗ്രസിനെതിരായ അതൃപ്തി അറിയിച്ചെന്നാണ് വിവരം. എട്ട് മാസം മുമ്പ് ഇതേ ബിൽ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയപ്പോൾ, ആ ബിൽ കത്തിച്ച് ശക്തമായ പ്രതിഷേധം അറിയിച്ച അതേ എം.കെ. സ്റ്റാലിൻ ഇപ്പോൾ മറുഭാഗത്താണ്. മണ്ഡല പുനർനിർണ്ണയത്തിൽ, ദക്ഷിണേന്ത്യയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന് ഡി.എം.കെ കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യ നേതാക്കൾ എം.കെ. സ്റ്റാലിനെ കാണാനിരിക്കെയാണ് പോസ്റ്റ്.
ബി.ജെ.പിയോട് ഇന്നേവരെ കൂട്ട് ചേർന്നിട്ടില്ലാത്ത ശരത് പവാറും ബില്ലിന് അനുകൂലമായ നിലപാടിലാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് എം.കെ. സ്റ്റാലിനെയും വൈകിട്ട് മുംബൈയിലെത്തി ശരത് പവാറിനെയും കാണാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവ് താക്കറെയും ഭാഗമാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷം പിടിച്ച് ബില്ല് പാസാക്കാൻ ബി.ജെ.പി നിർണ്ണായക നീക്കങ്ങളാണ് നടത്തിവരുന്നത്. എന്നാൽ ബിൽ പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, എം.എ. ബേബി തുടങ്ങിയ നേതാക്കൾ ഒന്നിച്ച് ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഈ നീക്കങ്ങളിൽ ഇതുവരെ ഡി.എം.കെയോ എൻ.സി.പിയോ നിലപാട് മാറ്റിയിട്ടില്ല. സ്റ്റാലിനെ സഹോദരനെന്ന് വിളിച്ച് ചെന്നൈ യാത്രയ്ക്ക് തൊട്ടുമുമ്പ് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ് വന്നിരുന്നു. ബിൽ പരാജയപ്പെടുത്താൻ ഒപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ രൂക്ഷമായ ഭാഷയിലായിരുന്നു സ്റ്റാലിന്റെ മറുപടി. ധീരന്മാരുടെ ചരിത്രമാണ് ഡി.എം.കെയ്ക്കുള്ളതെന്നും ഒറ്റുകാരുടേതല്ലെന്നും രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് സ്റ്റാലിൻ മറുപടി നൽകി.
For more details: The Indian Messenger



