‘ജെൻസികളേ, മുഖ്യമന്ത്രിയുടെ ഉറപ്പിൽ രൂപം മാറ്റല്ലേ?’; വാഹന മോഡിഫിക്കേഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി.

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ കർശനമായ കേന്ദ്രനിയമങ്ങൾ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാഹനരൂപമാറ്റത്തിന് കർശന വ്യവസ്ഥകൾ ഉണ്ടെന്ന് സംസ്ഥാനങ്ങളെ ആവർത്തിച്ച് അറിയിക്കുകയാണ് കേന്ദ്രസർക്കാർ. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡം വ്യക്തമാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഇതിൽ സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്നും മന്ത്രി പറഞ്ഞു. പൊതുജന സുരക്ഷയെ മുൻനിർത്തി വാഹനങ്ങളുടെ വേഗത നിർണയിക്കാൻ സംസ്ഥാന സർക്കാരുകൾക്കോ, അല്ലെങ്കിൽ സർക്കാരുകൾ ചുമതലപ്പെടുത്തുന്ന അതോറിറ്റികൾക്കോ അധികാരമുണ്ട്.
1989-ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വാഹനനിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരുതരത്തിലുള്ള മാറ്റങ്ങളും വരുത്താൻ പാടില്ലെന്നാണ് ചട്ടം. വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിന് മുൻപായി രജിസ്ട്രിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും മാറ്റങ്ങൾ വരുത്തിയ ശേഷം പതിനാല് ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിനായി അപേക്ഷിക്കണമെന്നും മന്ത്രി അറിയിച്ചു.
വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവുകൾ വരുത്തുമെന്ന് വി. ഡി. സതീശൻ സർക്കാറിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായിരുന്നു. ഭരണത്തിലെത്തിയതിന് ശേഷം, അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിക്കുകയും, ആദ്യഘട്ടമായി ചില ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ടോയെന്ന ചോദ്യം സി.പി.എം എം.പി വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ചത്.
For more details: The Indian Messenger



