സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോർട്ട്.

ഡൽഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയെന്ന് റിപ്പോർട്ട്. ചില എഡിറ്റോറിയൽ മാറ്റങ്ങളും തിരുത്തലുകളും വേണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരാകരിച്ചതിനെ തുടർന്നാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ട്.
‘ബിലോങിങ്: എ ജേർണി ഓഫ് ലൗ’ എന്ന ആത്മകഥ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നാണ് പെൻഗ്വിൻ പിന്മാറിയിരിക്കുന്നത്. വായനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടേക്കാമെന്ന് കരുതുന്നതുമായ ഈ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ പിന്മാറിയതോടെ രാജ്യത്തെ പല പ്രമുഖ പ്രസാധകരും ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള അവകാശത്തിനായി എഴുത്തുകാരിയെ സമീപിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ തന്നെ ഹാർപ്പർ കോളിൻസിന് കൂടുതൽ സാധ്യത തെളിയുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നവംബർ പത്തിന് പുസ്തകം പുറത്തിറങ്ങുമെന്നാണ് മുമ്പ് പരസ്യം ചെയ്തിരുന്നത്. മുമ്പ് ചില പുസ്തകങ്ങൾ സോണിയാ ഗാന്ധി എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തെക്കുറിച്ച് ആത്മകഥാപരമായ ഇത്ര തുറന്ന ഒരു എഴുത്ത് സോണിയയിൽ നിന്ന് മുമ്പുണ്ടായിട്ടില്ലെന്നാണ് പ്രസാധകർ പറഞ്ഞിരുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതാ രാഷ്ട്രീയ നേതാക്കളിലൊരാളായ സോണിയ തന്റെ പ്രണയം, കുടുംബം, ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചെഴുതിയ ഹൃദയസ്പർശിയായ ഓർമക്കുറിപ്പാണ് പുസ്തകത്തിലുള്ളതെന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് പരസ്യം ചെയ്തിരുന്നത്.
For more details: The Indian Messenger



