കരുനാഗപ്പള്ളിയിൽ 5.836 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ; ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ട.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടത്തിയ പരിശോധനയിൽ 5.836 ഗ്രാം എം.ഡി.എം.എ (MDMA) യുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിൽ കുലശേഖരപുരം പുന്നക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിൽ, പുന്നക്കുളം ബിൻസാദ് മൻസിലിൽ മിഥിലാജ് (26) ആണ് അറസ്റ്റിലായത്.
ലഹരിമരുന്ന് വിൽപ്പന നടത്തി ലഭിച്ച 10,000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഓച്ചിറ, വവ്വക്കാവ് പ്രദേശങ്ങളിൽ എം.ഡി.എം.എ വിൽപ്പന നടത്തിവന്ന മിഥിലാജിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഷാഡോ എക്സൈസും എക്സൈസ് ഇന്റലിജൻസും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. മുൻപും കൂടിയ അളവിൽ എം.ഡി.എം.എയും കഞ്ചാവും കൈവശം വെച്ചതിന് ഇയാൾക്കെതിരെ പോലീസിലും എക്സൈസിലും കേസുകളുണ്ട്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രസാദ് കുമാർ ജെ.ആർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ മനു എം, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എച്ച്, അജിത് ബി.എസ്, രജിത് കെ. പിള്ള, അൻസാർ, നിധിൻ, ഗോഡ്വിൻ, സ്റ്റീഫൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ട്രീസ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് വിപുലമായ പരിശോധനകളാണ് നടത്തിവരുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ 04762630831, 9400069456 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
For more details: The Indian Messenger



