ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പി.ജി കെട്ടിടം തകർന്നു വീണു: 2 പേരെ രക്ഷപ്പെടുത്തി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം.

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ ഞായറാഴ്ച ഉച്ചയോടെ ബഹുനില പി.ജി കെട്ടിടം തകർന്നു വീണു. പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഉച്ചയ്ക്ക് 1.33-ഓടെയാണ് അപകടത്തെക്കുറിച്ച് ഡൽഹി ഫയർ സർവീസിന് സന്ദേശം ലഭിച്ചത്.
തുടർന്ന് ഫയർഫോഴ്സും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (NDRF) പോലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അപകടസ്ഥലത്തുനിന്ന് ഇതുവരെ രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചില വിദ്യാർത്ഥികൾ ഫോൺ വഴി പുറത്തേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും ആർ.കെ പുരം എം.എൽ.എ അനിൽ കുമാർ ശർമ്മ അറിയിച്ചു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മുഖ്യമന്ത്രി എമർജൻസി റെസ്പോൺസ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി എം.പി ഹർഷ് മൽഹോത്ര ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി വരികയാണ്.
For more details: The Indian Messenger



