GULF & FOREIGN NEWSTOP NEWS

വിമാനത്തിൽ വംശീയ അധിക്ഷേപവും ആക്രമണവും: യാത്രക്കാരനെ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു; വിമാനം അടിയന്തരമായി നിലത്തിറക്കി.

Sponsored

വാഷിംഗ്ടൺ: വിമാനത്തിനുള്ളിൽ വംശീയ അധിക്ഷേപം നടത്തുകയും സഹയാത്രക്കാരെ ആക്രമിക്കുകയും ചെയ്ത യാത്രക്കാരനെ ടേപ്പ് ഉപയോഗിച്ച് സീറ്റിൽ കെട്ടിയിട്ടു. ഡാള്ളസ്-ഫോർട്ട് വർത്തിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. തുടർന്ന് വിമാനം ബാൾട്ടിമോറിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു.

അരിസോണ സ്വദേശിയായ ആർതർ ലുൻഡീൻ (67) എന്ന യാത്രക്കാരനാണ് വിമാനത്തിൽ അതിക്രമം അഴിച്ചുവിട്ടത്. വിമാനം ആകാശത്തുയർന്നു നിൽക്കെ ഇയാൾ ആളുകൾക്ക് നേരെ വംശീയവും ലൈംഗിക ന്യൂനപക്ഷ വിരുദ്ധവുമായ അധിക്ഷേപങ്ങൾ ചൊരിയുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു. ഇയാളുടെ അതിക്രമം അതിരുവിട്ടതോടെ വിമാന ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇയാളെ സിപ് ടൈകളും ഡക്ട് ടേപ്പും ഉപയോഗിച്ച് ഫസ്റ്റ് ക്ലാസ് സീറ്റിൽ ബന്ധിക്കുകയായിരുന്നു. ഇയാളുടെ കൈകളും ഉടലും തലയും ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ച നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിമാനം ബാൾട്ടിമോറിൽ അടിയന്തരമായി ഇറക്കിയ ഉടൻ തന്നെ അക്രമം കാട്ടിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button