എം.എസ്.സി ഇലക്ട്രോണിക്സിൽ റാങ്ക് തിളക്കവുമായി മൈത്രേയി പനച്ചൂരാൻ.
കായംകുളം: കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ കവിതകൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും തരംഗം സൃഷ്ടിച്ച അന്തരിച്ച പ്രശസ്ത ഗാനരചയിതാവും കവിയുമായ അനിൽ പനച്ചൂരാന്റെയും അഡ്വ. മായാ പനച്ചൂരാന്റെയും മകൾ മൈത്രേയി പനച്ചൂരാന് ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളക്കമാർന്ന വിജയം. കേരള സർവകലാശാല നടത്തിയ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയിലാണ് മൈത്രേയി മൂന്നാം റാങ്ക് സ്വന്തമാക്കിയത്.
അടൂർ കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിലെ വിദ്യാർത്ഥിനിയായ മൈത്രേയി, അച്ഛന്റെ വിയോഗത്തിന്റെ വേദനകൾക്കിടയിലും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. സാഹിത്യത്തിലും കലയിലും അച്ഛൻ അനിൽ പനച്ചൂരാൻ അടയാളപ്പെടുത്തിയ വഴിയിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ലോകത്താണ് മൈത്രേയി മികച്ച വിജയം കൊയ്തിരിക്കുന്നത്.
മൈത്രേയിയുടെ തിളക്കമാർന്ന റാങ്ക് നേട്ടം പനച്ചൂരാൻ കുടുംബത്തിനും കായംകുളത്തിനും ഒരുപോലെ അഭിമാന നിമിഷമായി മാറി. പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ഉന്നതവിജയം നേടിയ മൈത്രേയിക്ക് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
For more details: The Indian Messenger



