INDIA NEWSKERALA NEWSTOP NEWS

കൊച്ചി മാതൃകയിൽ കൊല്ലത്തും ഇന്ദിര കാന്റീൻ; 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം

Sponsored

കൊല്ലം: കൊച്ചി നഗരസഭയുടെ മാതൃക പിന്തുടർന്ന് കൊല്ലത്തും സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീൻ വരുന്നു. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ അടുത്ത രണ്ട് മാസത്തിനകം പദ്ധതിക്ക് നഗരത്തിൽ തുടക്കമാകും. 50 രൂപ ചെലവിൽ ഒരു ദിവസത്തെ പൂർണ്ണ ഭക്ഷണം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

പ്രഭാതഭക്ഷണത്തിന് 10 രൂപ, ഉച്ചയൂണിന് 20 രൂപ, രാത്രി ഭക്ഷണത്തിന് 10 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ തീരുമാനിക്കാൻ ആലോചിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്‌സലായി വാങ്ങാനും സൗകര്യമുണ്ടാകും. പാക്കിങ് ചാർജ്ജ് വേറെ ഈടാക്കും. ഉപഭോക്താക്കൾക്ക് ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യത്തിനായി വിവിധ ഏജൻസികളുമായി ചർച്ചകൾ നടത്തിവരികയാണ്.

രാവിലെ ഇഡ്ഡലിയോ ദോശയോ വെജിറ്റബിൾ കറിക്കൊപ്പം ലഭിക്കും. ഉച്ചയ്ക്ക് ചോറും രണ്ട് കൂട്ടം കറിയും തോരനും അച്ചാറുമാണ് മെനുവിൽ ഉൾപ്പെടുന്നത്. രാത്രിയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകും. വിലയും മെനുവും സംബന്ധിച്ച അന്തിമ തീരുമാനം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് കൈക്കൊള്ളും.

Sponsored

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിഞ്ഞുകിടക്കുന്ന നാല് കടമുറികൾ കേന്ദ്രീകരിച്ചായിരിക്കും കാന്റീന്റെ പ്രവർത്തനം ആരംഭിക്കുക. പാചക ഉപകരണങ്ങൾ, ഡൈനിംഗ് സൗകര്യം, ഇന്റീരിയർ പ്രവൃത്തികൾ, ശൗചാലയം എന്നിവയടങ്ങുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനാവശ്യമായ തുകയും ആദ്യഘട്ടത്തിലെ സബ്‌സിഡിയും കണ്ടെത്താൻ സിഎസ്ആർ (CSR) ഫണ്ടുകളെ ആശ്രയിക്കാനാണ് തീരുമാനം. തുടക്കത്തിലെ ജനപങ്കാളിത്തം വിലയിരുത്തിയ ശേഷം പദ്ധതി സ്വന്തം നിലയിൽ വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button