
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സെപ്റ്റംബർ മൂന്ന് രാത്രിയോടെയാണ് 115 ദിവസം നീണ്ടുനിന്ന ചിത്രീകരണം അവസാനിച്ചത്. ജനുവരി 23-ന് തൊടുപുഴയിൽ ആരംഭിച്ച ചിത്രീകരണം ഏഴ് ഷെഡ്യൂളുകളിലായി വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തിയാക്കിയത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത് ചിത്രമാണിത്. തൊടുപുഴയ്ക്ക് പുറമേ കൊച്ചി, ശബരിമല, മുംബൈ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണ ലൊക്കേഷനുകൾ. കുടുംബ പശ്ചാത്തലത്തിൽ പോലീസ് പ്രൊസീജ്യർ ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്.
സീനിയർ താരങ്ങളായ ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തിരക്കഥാകൃത്തും സാങ്കേതിക വിദഗ്ധരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജെയ്ക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഷഫീഖ് വി.ബി (എഡിറ്റിംഗ്), വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി), ഗോകുൽ ദാസ് (കലാസംവിധാനം), റോണക്സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യും ഡിസൈൻ), ബിനു പപ്പു (കോ-ഡയറക്ടർ), മിറാഷ് ഖാൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), അഫ്നാസ് വി. (അസ്സോസിയേറ്റ് ഡയറക്ടർ), അമൽ സി. സദർ (സ്റ്റിൽസ്), ജോമോൻ ജോയ് ചാലക്കുടി (പ്രൊഡക്ഷൻ മാനേജർ), എസ്.കെ. എസ്തപ്പാൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), സുധർമ്മൻ വള്ളിക്കുന്ന് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും. വാർത്ത: വാഴൂർ ജോസ്.
For more details: The Indian Messenger



