INDIA NEWSTOP NEWS

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം: പോലീസിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഭരണസമിതി; ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.

Sponsored

ശാസ്താംകോട്ട: മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ നടത്തിയ അക്രമ സംഭവങ്ങളിൽ ആഴ്ചകൾ കഴിഞ്ഞിട്ടും ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ നടപടി സ്വീകരിക്കാത്ത ശാസ്‌താംകോട്ട പോലീസിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ക്ഷേത്ര വഞ്ചിയും അതിന് മുകളിൽ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹവും അടിച്ചു തകർത്തു. ജന്മാഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു.

ഭരണസമിതിയുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ള സൈനികൻ അടക്കമുള്ളവരുടെ വീടുകളിൽ രാപകൽ വ്യത്യാസമില്ലാതെ പോലീസ് കയറി ഇറങ്ങുകയാണ്. ഇതൊന്നും ഗൗരവമായി കാണാതെ പ്രതികളുടെ പക്ഷം ചേർന്നുള്ള അന്യായമായ നടപടിയാണ് പോലീസ് നടത്തുന്നത്. ഇത് ന്യായീകരിക്കാൻ കഴിയില്ല. ഭരണസമിതിയുടെ പരാതിയിൽ പോലീസ് കാട്ടുന്ന നീതികേടിനെതിരെ നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

അക്രമികൾ തകർത്ത ക്ഷേത്രവഞ്ചിയും ശ്രീകൃഷ്ണ വിഗ്രഹവും പുനഃസ്ഥാപിക്കണമെങ്കിൽ ദേവപ്രശ്നം നടത്തുകയും പരിഹാരക്രിയകൾ ചെയ്യണമെന്നും ക്ഷേത്രം തന്ത്രി അറിയിച്ചിരുന്നു. ഇതിന് 5 ലക്ഷത്തോളം രൂപ ചിലവ് വരും. ഇതിന്റെ ചിലവ് വഹിക്കാൻ അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും അവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുകയും ചെയ്യണം. ഇതിനൊന്നും തയ്യാറാവാതെയാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ച ഭക്തരുടെ വീട്ടിൽ പോലീസ് കഴിഞ്ഞ രണ്ടാഴ്ചയായി അഴിഞ്ഞാട്ടം നടത്തുന്നതെന്നും ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു.

Sponsored

വ്യാപകമായ അക്രമം നടത്തിയ സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗം അടക്കമുള്ള ക്രിമിനൽ സംഘത്തിനെതിരെ പോലീസ് കോടതിയിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ പ്രതികളെ സംരക്ഷിക്കുന്നതിൽ പോലീസ് കാട്ടിയ വ്യഗ്രതയും ഗൂഢനീക്കവും വ്യക്തമാകുന്ന തരത്തിലാണ്. യാതൊരു പ്രകോപനവുമില്ലാതെ അർദ്ധരാത്രിയുടെ മറവിൽ ഒരു സംഘം ഗുണ്ടകൾ ഡിവൈഎഫ്ഐ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗം അരവിന്ദന്റെ നേതൃത്വത്തിൽ അഴിഞ്ഞാടുകയായിരുന്നു. ക്ഷേത്ര വഞ്ചി തകർത്തു. ക്ഷേത്രവുമായി സഹകരിക്കുന്ന ജവാന്റെ അടക്കം നിരവധി വീടുകളും തകർത്തു.

മണിക്കൂറുകൾ നീണ്ടുനിന്ന അക്രമസംഭവം മൊബൈൽ ഫോണിൽ പകർത്തി പോലീസിന് കൈമാറിയതാണ്. സിനിമാപറമ്പ്-കൊട്ടാരക്കര റൂട്ടിൽ നടന്ന അഴിഞ്ഞാട്ടം ചോദ്യം ചെയ്ത വഴിയാത്രക്കാരെ പലരെയും അക്രമിക്കൂട്ടം വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ കാട്ടി വിരട്ടി ഓടിച്ചു. തുടർന്ന് കൂടുതൽ നാട്ടുകാർ സംഘടിച്ചെത്തി. പോലീസ് എത്തിയതോടെയാണ് ഈ സംഘം വന്ന കാറിൽ കയറി രക്ഷപ്പെട്ടത്.

പോലീസും നാട്ടുകാരും ഇവരെ പിന്തുടരുന്നതെന്ന് ബോധ്യമായതിനെ തുടർന്ന് തൊട്ടടുത്ത പ്രദേശമായ തുരുത്തികരയിലുള്ള ഒരു സിപിഎം നേതാവിന്റെ വീട്ടിലേക്ക് ഗുണ്ടാസംഘത്തിന്റെ വാഹനം കയറ്റി. പിന്നാലെ പോലീസും നാട്ടുകാരും എത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധം അടക്കം പിടിച്ചെടുക്കണമെന്ന് ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ വീട്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമടക്കം മൂന്നു പ്രതികളെ പോലീസ് പിടികൂടിയത്. ബാക്കി പ്രതികൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

കുണ്ടറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പിന്നാലെ കൂടിയ ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങൾ ഇതിൽ പ്രധാന പ്രതിയായ കൊല്ലം മുണ്ടക്കൽ പുതുവൽ പുരയിടത്തിൽ ശരത് ശശി (25) യെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ആശുപത്രിയിൽ ഒരു ഗ്രേഡ് എസ്.ഐ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. ഇത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തമാക്കുന്നു.

കുണ്ടറ താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തി പിടിയിലായ ഗുണ്ടാതലവനെ ഡിവൈഎഫ്ഐ സംഘം ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ ബന്ധപ്പെട്ട് മോചിപ്പിക്കപ്പെട്ട പ്രതിയെ തിരികെ പോലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിൽ പ്രതികളെ മോചിപ്പിക്കാൻ നടത്തിയ അക്രമ സംഭവങ്ങളിലെ പ്രധാന പ്രതികളെല്ലാം ശാസ്താംകോട്ട, മൈനാഗപ്പള്ളി, മുതുപിലാക്കാട് പ്രദേശത്തുള്ള പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളാണ്.

വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്ത പക്ഷം സമരപരിപാടികൾ ശക്തമാക്കും. വിശ്വാസികളായ സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരെ പങ്കെടുപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ആർ.ജി പിള്ള, സെക്രട്ടറി ശശികുമാർ എന്നിവർ പറഞ്ഞു.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button