ദോശ വൈകിയതിന് തട്ടുകട തല്ലിത്തകർത്തു; കൊട്ടാരക്കരയിൽ സഹോദരങ്ങൾക്ക് മർദനം.
കൊല്ലം: ദോശ നൽകാൻ വൈകിയതിനെ തുടർന്ന് ശൂരനാട് തട്ടുകട തല്ലിത്തകർക്കുകയും കട നടത്തിപ്പുകാരായ ദമ്പതികളെ ആക്രമിക്കുകയും ചെയ്തു. ശൂരനാട് കോയിക്കൽ ചന്തയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് സംഭവം. ആക്രമണത്തിൽ കടയിലെ ചില്ല് അലമാരയും ഉപകരണങ്ങളും പൂർണ്ണമായി അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി (46), രമേശൻ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നംഗ സംഘമാണ് തട്ടുകടയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും പ്രതികൾ വാക്കേറ്റത്തിലേർപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കൊല്ലം കൊട്ടാരക്കരയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെയും സുഹൃത്തിനെയും സംഘം ചേർന്ന് ക്രൂരമായി മർദിച്ചു. ഓയൂർ സ്വദേശികളായ ശ്രീനാഥ്, രമ്യ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആക്രമണം നടത്തിയ മൂന്നുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് മർദനമേറ്റവർ വ്യക്തമാക്കി.
For more details: The Indian Messenger



