
എസ്. രമേശ് ഓച്ചിറ

ആസ്വാദക ഹൃദയങ്ങളിൽ നാദസ്വര കച്ചേരികളിലൂടെ , നാദസ്വര വർഷം ചൊരിഞ്ഞ നാദവിസ്മയമാണ് “ഓച്ചിറ ചെല്ലമ്മാൾ “
ഓച്ചിറ മേമന കന്നേൽകിഴക്കതിൽ നാണു പിള്ളയുടെയും, ചിന്നമ്മയുടെയും നാലു മക്കളിൽ ഇളയതാണ് “ചെല്ലമ്മാൾ. ” ബാല്യകാലത്ത് ചെല്ലമ്മാളിൻ്റെ സംഗീത വാസന തിരിച്ചറിഞ്ഞ , തകിൽ വിദ്വാനായ അച്ഛൻ മകളെ പ്രസിദ്ധ നാദസ്വര വിദ്വാനായ ചിദംബരം ചെല്ലയ്യാ പിള്ളയുടെ അടുക്കൽ നാദസ്വരമഭ്യസിക്കാൻ വിട്ടു.
ചെല്ലമ്മാളിന് കലയോടുള്ള താല്പര്യവും അർപ്പണബോധവും ചെല്ലയ്യാ പിള്ളയുടെ പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളാകാൻ ചെല്ലമ്മാളിനെ ഏറെ സഹായിച്ചു. കാലങ്ങൾക്ക് ശേഷം തിരുനെൽവേലിയിലെ അതിപ്രശസ്തരായ ഗുരുക്കൻമാരിൽ നിന്നും നാദസ്വര സംഗീതത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ചെല്ലമ്മാളിന് നേടുവാനും കഴിഞ്ഞു.
അച്ഛനപ്പുപ്പൻമാരിൽ നിന്നും പകർന്നു കിട്ടിയ ജന്മവാസന നിതാന്ത പരിശ്രമത്തിലൂടെ ഒരു തപസ്യയാക്കി വികസിപ്പിച്ച്, ‘ഓച്ചിറ ചെല്ലമ്മാൾ ഈ വരേണ്യകലയിലെ സുവർണ്ണ സിംഹാസനത്തിൽ അവരോധിതയാവുകയായിരുന്നു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലായിരുന്നു ചെല്ലമ്മാളിൻ്റെ അരങ്ങേറ്റം .അന്ന് നിരവധി പേർ ചെല്ലമ്മാളിനെ അഭിനന്ദിച്ചിരുന്നു. 12-ാം വയസ്സിൽ പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലും, ഇടമരത്തുശ്ശേരിൽ ക്ഷേത്രത്തിലും ,കണിയാമുറി ദേവീക്ഷേത്രത്തിലും, ഗോവിന്ദമുട്ടം അമ്പലപ്പാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും നാദസ്വര കച്ചേരി അവതരിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് ഈശ്വരൻ്റെ വലിയൊരു അനുഗ്രഹമായാണ് ചെല്ലമ്മാൾ കാണുന്നത്.
തൻ്റെ നാദ സപര്യയെ പ്രോത്സാഹിപ്പിച്ചവരിൽ ഓച്ചിറ രാമചന്ദ്രൻ ,എ.കെ.കുറുപ്പ് ,ആർ.ഭാസ്ക്കരക്കുറുപ്പ് ( കൊച്ചുമുറി), കുഴിയിൽ നാണു പിള്ള, കുഞ്ചു പിള്ള തുടങ്ങിയ മഹാരഥൻമാരെ ഓച്ചിറ ചെല്ലമ്മാൾ പ്രത്യേകം സ്മരിക്കുന്നു .
നാദസ്വരവാദനത്തിൽ മാത്രമല്ല സംഗീതത്തിൻ്റെ അനന്തവിഹായസിലൂടെ പാറി പറന്നു നടന്ന ഒരു അത്ഭുത പ്രതിഭ കൂടിയായിരുന്നു ചെല്ലമ്മാൾ . ചെട്ടികുളങ്ങര കാവുങ്കൽ മാധവൻപിള്ളയിൽ നിന്നായിരുന്നു സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ ചെല്ലമ്മാൾ പഠിച്ചത്. ഒരേ വേദിയിൽ തന്നെ നാദസ്വര കച്ചേരിയും, സംഗീത കച്ചേരിയും അവതരിപ്പിക്കാൻ കഴിഞ്ഞവരിൽ പ്രമുഖമാണ് ഓച്ചിറ ചെല്ലമ്മാൾ.
തകിൽ വിദ്വാനായിരുന്ന ,തെക്ക് കൊച്ചുമുറി വരിക്കോലിൽ ശിവൻപിള്ളയുടെ ജീവിത സഖിയായി എത്തി , കൊച്ചുമുറി എന്ന കൊച്ചുഗ്രാമത്തിൻ്റെ വാനമ്പാടിയായി മാറിയ ചെല്ലമ്മാൾ സംഗീത ആസ്വാദകരുടെ മനസ്സിൽ പ്രഭാപൂരമായി ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. “തനിക്ക് നിരവധി ശിഷ്യഗണങ്ങൾ ഉണ്ടെന്നും അവരിൽ പലരും വന്ന വഴികൾ മറന്നു പോയവരാണെന്നും, പ്രശസ്തരായി കഴിയുമ്പോൾ അതിനു നിമിത്തമായവരെ ഓർക്കുവാൻ ആരും മെനക്കെടാറില്ലെന്നും, അതിൽ തനിക്ക് ദു:ഖമില്ലെന്നും “ഓച്ചിറ ചെല്ലമ്മാൾ പറയുന്നു.
കേരളത്തിനു പുറമേ തിരുനെൽവേലി, കോയമ്പത്തൂർ, നാഗർകോവിൽ, മധുര, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നാദസ്വര കച്ചേരി അവതരിപ്പിക്കുവാനുള്ള ഭാഗ്യം ഓച്ചിറ ചെല്ലമ്മാളിന് ലഭിച്ചിട്ടുണ്ട് .
ഒരിക്കൽ ഒരു ക്ഷേത്രത്തിൽ നാദസ്വര കച്ചേരി അവതരിപ്പിക്കുവാൻ പോകവേ ചെല്ലമ്മാളും കൂട്ടരും സഞ്ചരിച്ചിരുന്ന ഓട്ടോ ഒരപകടത്തിൽപെട്ടു .അപ്പോൾ അവിടെ ഓടിക്കൂടിയ ജനങ്ങൾ അപകടത്തിൽ കാലിന് ഒടിവ് സംഭവിച്ച ചെല്ലമ്മാളിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവരോടൊപ്പം പോകാൻ തയ്യാറാകാതെ, ” താൻ മുഖേന ഉത്സവ പരിപാടിയ്ക്ക് വിഘ്നം വരരുത് ” എന്ന ദൃഢനിശ്ചയത്താൽ മറ്റൊരോട്ടോയിൽ ഉത്സവ വേദിയിലെത്തി, ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി നാദസ്വര കച്ചേരി വിജയകരമായി അവതരിപ്പിച്ചു. പിന്നീടാണ് ഹോസ്പിറ്റലിൽ പോയത്. ഇന്നും ആ കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ ഒത്തിരി അഭിമാനം തോന്നാറുണ്ടെന്ന് ചെല്ലമ്മാൾ പറയുന്നു.
വൃശ്ചികോത്സവത്തിന് ഓച്ചിറ ക്ഷേത്രത്തിൽ ചെല്ലമ്മാളിൻ്റെ നാദസ്വര കച്ചേരി ആസ്വദിക്കാൻ ഒരു വൻ ജനാവലി തന്നെ കാണുമായിരുന്നു. വർഷങ്ങളോളം തുടർച്ചയായി നാദസ്വര കച്ചേരി അവിടെ അവതരിപ്പിക്കാൻ കഴിഞ്ഞത് ജന്മസാഫല്യമാണെന്നാണ് ചെല്ലമ്മാളിൻ്റെ വിശ്വാസം.
വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നാദസ്വരവാദന തസ്തികയിൽ ജോലി ശരിയായെങ്കിലും അന്നത് വേണ്ടെന്നു വെയ്ക്കുകയായിരുന്നു ഓച്ചിറ ചെല്ലമ്മാൾ.
നാദസ്വരവാദനത്തിൽ വർണ്ണപ്രഭ ചൊരിഞ്ഞ ഓച്ചിറ ചെല്ലമ്മാളിനെ പുതുപ്പള്ളി ഇടമരത്തുശ്ശേരിൽ ക്ഷേത്ര യോഗവും, വിവിധ സംഘടനകളും പൊന്നാടയണിയിച്ച് ആദരിക്കുകയും പ്രശംസാപത്രം നല്കുകയും ചെയ്തിട്ടുണ്ട്
തനിക്ക് ലഭിച്ച ദൈവീക കലകൾ ‘എഴുമക്കൾക്കും പകർന്നു കിട്ടിയതിൽ ഓച്ചിറ ചെല്ലമ്മാൾ ഏറെ അഭിമാനിക്കുന്നു.
ഗണേശൻ ,കലാദേവി, പ്രസന്നൻ, ശ്രീദേവി, ശിവപ്രസാദ്, മിനി, കലേഷ് എന്നിവരാണ് മക്കൾ.
പ്രായാധിക്യത്തിൻ്റെ അവശതകൾക്കിടയിലും, ക്ലേശകരമായ സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും ഓച്ചിറ ചെല്ലമ്മാളിൻ്റെ നാദസ്വര സപര്യ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു.
For more details: The Indian Messenger



