കേരളത്തെ ഞെട്ടിച്ച് ലോൺ ആപ്പ് തട്ടിപ്പ്; മൂന്ന് വർഷത്തിനിടെ കവർന്നത് 70 കോടി, ഇരകളിൽ അധികവും മലപ്പുറത്ത്.

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പുകളുടെ ഭീഷണിയാണെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ, കേരളത്തിലെ വായ്പ ആപ്പ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം ലോൺ ആപ്പ് സംഘങ്ങൾ 70 കോടി രൂപ തട്ടിയെടുത്തതായി പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാങ്കിംഗ് നൂലാമാലകളില്ലാതെ എളുപ്പത്തിൽ പണം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീഴുന്നവർ ഒടുവിൽ വലിയ പലിശക്കെണിയിലും ബ്ലാക്ക്മെയിലിംഗിലും അകപ്പെടുകയാണ്. തിരിച്ചടവ് മുടങ്ങിയാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്.
സംസ്ഥാനത്തെ സൈബർ വിഭാഗത്തിന് ലഭിച്ച 5,500 ഓളം പരാതികളിൽ ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ നിന്നാണ്. എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളാണ് പട്ടികയിൽ തൊട്ടുപിന്നാലെയുള്ളത്. ഇരയാകുന്നവരിൽ 31 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിലെ തുച്ഛശമ്പളക്കാരാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 ശതമാനത്തോളം വീട്ടമ്മമാരും വിദ്യാർത്ഥികളും ഡ്രൈവർമാരും ഈ കെണിയിൽ അകപ്പെടുന്നുണ്ട്. ഇരകളിൽ അഞ്ചിൽ ഒരാൾ സ്ത്രീയാണെന്നതും പരാതി നൽകുന്നവരിൽ 20 ശതമാനം പേർ മാത്രമാണ് കേസുമായി മുന്നോട്ട് പോകാൻ തയ്യാറാകുന്നത് എന്നതും സ്ഥിതി അതീവ ഗുരുതരമാക്കുന്നു.
വായ്പ ആപ്പുകൾ വഴി നടക്കുന്ന പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക്മെയിലിംഗ് ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് വളമാകുന്നു. നിരവധി ആപ്പുകൾക്കെതിരെ നേരത്തെ നടപടികൾ എടുത്തിട്ടുണ്ടെങ്കിലും പുതിയ പേരുകളിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് വലിയ വെല്ലുവിളിയാണ്. പെട്ടെന്ന് പണം ലഭിക്കുമെന്ന മോഹത്തിൽ ഇത്തരം ആപ്പുകളെ ആശ്രയിക്കരുതെന്ന് പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. (KN)
For more details: The Indian Messenger



