കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിന്റെ ഞരമ്പുകൾ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്.

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധയോട് ഗുരുതര ചികിത്സാ പിഴവ് കാട്ടിയതായി പരാതി. കാല് വേദനയെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ പ്രധാന ഞരമ്പുകൾ മുറിച്ചു മാറ്റിയെന്നാണ് ആക്ഷേപം. സ്വന്തം കാലിൽ നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് ഇപ്പോൾ മുറിച്ച് മാറ്റേണ്ട അതീവ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയയെത്തുടർന്ന് നില ഗുരുതരമായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ മെയ് 12 നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് പാർവതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ സർജറി നടത്തിയ കാലിൽ അസ്വാഭാവികമായ തണുപ്പ് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അവർ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അറിയിച്ചു. തുടർന്ന് നടത്തിയ അടിയന്തിര സ്‌കാനിങ്ങിലാണ് വയോധികയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതായി കണ്ടെത്തിയത്. എന്നാൽ ഈ ഗുരുതരമായ വിവരം തങ്ങളിൽ നിന്നും പൂർണ്ണമായി മറച്ചുവെച്ച്, രോഗിയെ എത്രയും വേഗം മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാൻ ഡ്യൂട്ടി ഡോക്‌ടർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വയോധികയെ ബന്ധുക്കൾ അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ പിഴവ് പരിഹരിക്കാനായി ഇതിനോടകം തന്നെ കോഴിക്കോട്ട് വെച്ച് രോഗിക്ക് മൂന്നോളം സങ്കീർണ്ണമായ ശസ്ത്രക്രിയകളാണ് നടത്തേണ്ടി വന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രമേ ഔദ്യോഗിക വിശദീകരണം നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് മഞ്ചേരി ആശുപത്രി അധികൃതർ നൽകുന്ന മറുപടി.
Short Brief
A severe medical negligence case has been reported at Manjeri Medical College, where the nerves/blood vessels of a 73-year-old patient, Parvathy, were allegedly severed during leg surgery. The patient, who walked into the hospital, is now facing a situation where her leg might need amputation. She was rushed to Kozhikode Medical College after blood flow to her leg stopped completely, and she has already undergone three corrective surgeries there.
(With inputs from MN)
For more details: The Indian Messenger



