
പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് 18 തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. നടൻ ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (NIA) പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് വലിയ മുതൽമുടക്കിൽ ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് ബോബി ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചു. നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ, നായകൻ ജയസൂര്യ എന്നിവരുൾപ്പെടെയുള്ള അണിയറപ്രവർത്തകരും മറ്റ് പ്രമുഖ താരങ്ങളും ചേർന്ന് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി അഹോരാത്രം പൊരുതുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ട വീര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി.
ലോകത്തെ തന്നെ നടുക്കിയ കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും അതിനെത്തുടർന്ന് നടക്കുന്ന അതീവ രഹസ്യമായ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ജമ്മു കാശ്മീരിലെ ‘ത്രാൾ’ എന്ന പ്രദേശത്ത് ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഏറ്റുമുട്ടൽ ചിത്രത്തിന്റെ കാതലായ ഭാഗമാണ്. ചിത്രത്തിൽ എൻഐഎ ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായ ചിത്രമാണിതെന്നും, ഉയർന്ന നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ പാൻ ഇന്ത്യൻ സിനിമയിലെ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.
വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ എന്നിവരും, ബോളിവുഡ് താരങ്ങളായ തരുൺ ആരോര, ഋതിക സിങ്, വിനയ് റായ്, അമൈര ദസ്തൂർ, മുരളി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മണാലി എന്നിവിടങ്ങളിലായി നൂറോളം ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിന് പ്ലാൻ ചെയ്തിരിക്കുന്നത്. (News: Vazhoor Jose)
For more details: The Indian Messenger



