
കൊച്ചി: ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കോട്ടയം ബെൽറ്റിന്’ തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.
ചലച്ചിത്ര, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കമായത്. ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി. ആർ. ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലറാണ് ‘കോട്ടയം ബെൽറ്റ്’. ആളും അർത്ഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാല് സഹോദരന്മാരുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഇവരുടെ ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നാം കണ്ടും കേട്ടും ശീലിച്ച കഥാപാത്രങ്ങളെ തികച്ചും റിയലിസ്റ്റിക്കായ രീതിയിലാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുക.
ആസിഫ് അലിക്ക് പുറമെ മലയാളത്തിലെ മുൻനിര താരങ്ങളായ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രൻ, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സുരേഷ് ഗോപാലനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബോബി സഞ്ജയ് ചിത്രത്തിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായി പ്രവർത്തിക്കുന്നു. ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – ബിനേന്ദ്ര മേനോൻ, എഡിറ്റിംഗ് – സൂരജ് ഇ. എസ്, കലാസംവിധാനം – അജയൻ മങ്ങാട്, കോസ്റ്റ്യം ഡിസൈൻ – സമീറ സനീഷ്, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാഗർ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ്. ജൂലൈ പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
Short Brief
The title poster of director Jis Joy’s upcoming family thriller ‘Kottayam Belt’, starring Asif Ali in the lead, was officially released by Kerala Sports Minister O. J. Janeesh in Kochi. Produced by T.R. Shamsuddeen and Venugopalakrishnan, the film revolves around the intense, realistic life of four powerful brothers in a high-range Christian family. Featuring a stellar ensemble cast and backed by writer Suresh Gopalan and creative contributors Bobby-Sanjay, the film’s shoot commenced on July 15 across Thodupuzha, Kochi, Kottayam, and Thrissur.
(With inputs from Vazhoor Jose)
For more details: The Indian Messenger



