
കൊച്ചി: ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീക്ക’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഓണാശംസകൾ നേർന്നുകൊണ്ട് പുറത്തുവിട്ട പോസ്റ്ററിൽ നരകയറിയ താടിയും കണ്ണടയുമായി തികച്ചും പക്വതയുള്ള ഗൗരവമേറിയ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ബസ് സ്റ്റാൻഡിലിരുന്ന് കയ്യിലുള്ള ഡയറിയിൽ എന്തോ തിരയുന്ന ദിലീപിന്റെ ചിത്രം ആരാധകർക്കിടയിലും ചലച്ചിത്ര ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ, കാക്കാസ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിതാ ഫ്രാൻസിസ്, രഘു സുഭാഷ് ചന്ദ്രൻ എന്നിവരാണ്.
വിബിൻ ബാലചന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബറിൽ ഉർവ്വശി തീയേറ്റേഴ്സ് തീയേറ്ററുകളിലെത്തിക്കും.
For more details: The Indian Messenger



