
കൊച്ചി: തീക്ഷ്ണമായ ഭാവത്തോടെയുള്ള മോഹൻലാലിന്റെ പുതിയ ലുക്കുമായി ‘തുടക്കം’ എന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ താരം മോഹൻലാൽ തന്നെയാണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഈ പോസ്റ്റർ പ്രകാശനം ചെയ്തത്. പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ് ഈ പുതിയ പോസ്റ്റർ.
തീഷ്ണമായ ഭാവത്തോടെയുള്ള മോഹൻലാലിന്റെ ചിത്രത്തിനൊപ്പം അല്പം ദൈന്യഭാവത്തിൽ നിൽക്കുന്ന വിസ്മയ മോഹൻലാലും പോസ്റ്ററിലുണ്ട്. ഇവർക്ക് നടുവിലായി തിങ്ങിനിറഞ്ഞ മുടിയും അതീവ ഗൗരവഭാവവുമായി ആശിഷ് ജോ ആന്റണി നിൽക്കുന്നു. പോസ്റ്ററിന്റെ താഴെയായി ഒരു കുട്ടിയുടെ ചുമലിൽ കൈയിട്ടു നടക്കുന്ന വിസ്മയ മോഹൻലാലിനെയും അവർക്കു മുന്നിലായി കൗതുകത്തോടെ നിൽക്കുന്ന ഒരു നായയെയും കാണാം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനനുസരിച്ചുള്ള അപ്ഡേഷനുകളാണ് ഇതുവരെ ചിത്രത്തെക്കുറിച്ച് പുറത്തുവന്നിട്ടുള്ളതും. ഈ കൊച്ചു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എന്തെങ്കിലും ഗൗരവമായ വിഷയം സിനിമ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോയെന്നാണ് പ്രേക്ഷകരുടെ ആകാംഷ. ഓഗസ്റ്റ് ഏഴിന് ചിത്രം പ്രദർശനത്തിനെത്തുന്നത് വരെ ഈ ആകാംക്ഷ നിലനിൽക്കുമെന്നുറപ്പാണ്.
പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പൂർത്തിയായി വരികയാണ്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളായെത്തുന്നു. ഇവർക്കൊപ്പം മോഹൻലാലും വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – അഖിൽ ജോർജ്, ജോമോൻ ടി. ജോൺ, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.
Short Brief
The official poster of the upcoming Malayalam film ‘Thudakkam’, directed by Jude Anthany Joseph and produced by Antony Perumbavoor under Ashirvad Cinemas, was launched by superstar Mohanlal on his official page. The poster features Mohanlal in an intense look, Vismaya Mohanlal with a subtle vulnerable expression, and Ashish Jo Antony in a serious demeanor, along with a glimpse of a scenic high-range family setting. Co-written by Lineesh Nellikkal, Akhil Krishna, and Jude Anthany Joseph, the highly anticipated family drama is scheduled to hit theaters on August 7.
(With inputs from Vazhoor Jose)
For more details: The Indian Messenger



