ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം പകരം വെച്ചു; കുട്ടമ്പേരൂർ ക്ഷേത്രത്തിലെ മേൽശാന്തി മാന്നാർ പൊലീസിന്റെ പിടിയിൽ.

ആലപ്പുഴ: ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മേൽശാന്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ മേൽശാന്തിയും കുട്ടമ്പേരൂർ ഇളമൺ മഠം സ്വദേശിയുമായ രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പോലീസ് പിടികൂടിയത്.
ചെങ്ങന്നൂർ സബ് കോടതി ഉത്തരവുപ്രകാരം ശനിയാഴ്ച മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് പ്രതിയുടെ തട്ടിപ്പ് പുറത്തുവരുന്നത്. ഇയാൾക്കെതിരെ ഉയർന്ന പരാതികളെ തുടർന്ന് ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം മാറ്റാൻ കോടതി ഉത്തരവിട്ടത്. മേൽശാന്തി സ്ഥാനം ഒഴിയുന്ന നടപടികളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദ്യോഗിക റിസീവർ അഡ്വ. എം. ശ്രീലേഖയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ കണക്കെടുപ്പ് നടത്തിയിരുന്നു.
ഈ പരിശോധനയിൽ തിരുവാഭരണങ്ങളിൽ സംശയം തോന്നിയതിനെ തുടർന്ന് അപ്രൈസറെ വരുത്തി ആഭരണങ്ങൾ വിശദമായി പരിശോധിക്കുകയായിരുന്നു. വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്ന് പവനോളം വരുന്ന യഥാർത്ഥ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായും അതിന് പകരം മുക്കുപണ്ടം മാറ്റിവെച്ചതായും പരിശോധനയിൽ വ്യക്തമായി. ഒരു മാലയും രണ്ട് താലികളുമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്.
English Summary
The Mannar police have arrested Radhakrishnan Namboothiri (59), the chief priest (Melshanthi) of the Kunnathoor Sri Durgadevi Temple in Kuttamberoor, Alappuzha, for allegedly stealing sacred temple ornaments. The theft came to light during an inventory audit led by the court-appointed official receiver, Adv M Sreelekha, just before the priest was to step down following a Chengannur Sub-Court order. A detailed inspection by a gold appraiser revealed that approximately three sovereigns of genuine gold ornaments, including a necklace and two thalis, had been replaced with counterfeit jewelry.
For more details: The Indian Messenger



