
തിരുവനന്തപുരം: സൂപ്പർസ്റ്റാർ സൂര്യ, മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി മമിതാ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്ന ചിത്രം വരും മാസം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.

മലയാളക്കരയിൽ വലിയ ചലനം സൃഷ്ടിച്ച ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിന് ശേഷം പ്രമുഖ വിതരണ കമ്പനിയായ ന്യൂ സൂര്യ ഫിലിംസാണ് ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘ലക്കി ഭാസ്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുക്കുകയും വൻ വിജയം നേടുകയും ചെയ്ത ‘കറുപ്പിന്’ ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രമെന്ന നിലയിൽ സിനിമാ ലോകത്ത് ‘വിശ്വനാഥൻ ആൻഡ് സൺസ്’ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

അതുപോലെ തന്നെ, ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ തരംഗമായി മാറിയ മമിതാ ബൈജു സൂര്യയുടെ നായികയായി എത്തുന്നു എന്നത് പ്രേക്ഷകർക്കിടയിൽ, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ചിത്രത്തിലെ സൂര്യയും മമിതയും ഒന്നിച്ചുള്ള ‘പട്ടാമ്പൂച്ചി’ എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ഇതിനകം തന്നെ നവമാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മനോഹരമായ ലൊക്കേഷനുകൾ, ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാറിന്റെ മനംമയക്കുന്ന സംഗീതം, മികച്ച ആക്ഷൻ രംഗങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി വമ്പൻ മുതൽമുടക്കിലാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായാണ് ഇത് തിയേറ്ററുകളിൽ എത്തുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ ബാനറായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിലെ ‘പട്ടാമ്പൂച്ചി’ പ്രൊമോ വീഡിയോയിൽ മമിത ബൈജുവിന്റെ മനോഹരമായ നൃത്തച്ചുവടുകളാണ് പ്രധാന ഹൈലൈറ്റ്. പ്രശസ്ത കൊറിയോഗ്രാഫർ വിജയ് ബിന്നിയാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സൂര്യയും മമിതയും തമ്മിലുള്ള മനോഹരമായ പ്രണയവും കെമിസ്ട്രിയുമാണ് ഗാനരംഗങ്ങളിൽ ഉടനീളം ദൃശ്യമാകുന്നത്.
ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് ചിത്രത്തിന്റെ ടീസറും നൽകുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്; ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി. വി. പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ: കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്ടർ: ശ്രീവാസ്തവ, കോ-ഡയറക്ടർ: അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈザー: വാസുദേവ റാവു മൊജ്ജാദ, ഡിഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ, ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ: ബലറാം കൃഷ്ണൻ.
Short Brief
The highly anticipated bilingual family entertainer ‘Vishwanath & Sons’, starring Suriya and Mamitha Baiju, is scheduled for a grand theatrical release on August 14, 2026. Directed by Venky Atluri of ‘Lucky Baskhar’ fame, the big-budget movie is produced by Sithara Entertainments and Fortune Four Cinemas. New Suriya Films will distribute the film in Kerala. Marking Suriya’s 46th film and following his recent blockbuster ‘Karuppu’, the movie features a fresh on-screen pairing with ‘Premalu’ star Mamitha Baiju. The promotional track ‘Pattampoochi’, composed by GV Prakash Kumar and choreographed by Vijay Binni, is already a massive viral hit on social media. The film also stars Raveena Tandon and Radhika Sarathkumar.
(With inputs from Vazhoor Jose)
For more details: The Indian Messenger



