ടി. വീണയുടെ ഹവാല ഇടപാടിലും വ്യാജ സിമ്മിലും കൂടുതൽ അന്വേഷണം; ഇ ഡി നടപടി ശക്തമാക്കുന്നു.

കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ ടി വീണയുടെ വിദേശ പണമിടപാടുകൾ കേന്ദ്രികരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. ഏകദേശം 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറിയതായാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഈ പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന് ഇ ഡി അന്വേഷിക്കും. ഈ ഇടപാടിലൂടെ വിദേശനാണ്യ മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇ ഡിക്കുണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്ച മുതൽ തുടര്‍ ചോദ്യംചെയ്യലുകൾ ആരംഭിക്കും. ഇതിനായി ടി വീണയെ വീണ്ടും വിളിപ്പിക്കും.
മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് ഇ ഡി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വീണയുടെ ഡയറിയിലെ കൈയെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്ന സൂചന ലഭിച്ചതായും, ഇതിൽ 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നേരിട്ട് നടത്തിയതായും ഇഡി കണ്ടെത്തി.
വരുമാനത്തില്‍ കവിഞ്ഞ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ടി വീണ ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇ ഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെ പേരിലുള്ളതാണ് ഈ സിം കാർഡ്. 2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള ഈ സിം ഉപയോഗിച്ചു വരികയായിരുന്നു. വീണയും ഭർത്താവ് മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നും എന്നാൽ എന്താവശ്യത്തിനാണെന്ന് തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്.
For more details: The Indian Messenger



