INDIA NEWSKERALA NEWSTOP NEWS

കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിതടഞ്ഞ് ഗുണ്ടായിസം: സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ; പൊലീസിനു നേരെയും ആക്രമണം.

Sponsored

കൊച്ചി: ഇടപ്പള്ളി ജംഗ്ഷനിൽ കാർ യാത്രക്കാരായ കുടുംബത്തിന് നേരെ വഴിതടഞ്ഞ് ആക്രമണത്തിന് മുതിരുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അൻസാർ (27) ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ഷാജി ജോസിനും കുടുംബത്തിനും നേരെയായിരുന്നു അക്രമം. കഴിഞ്ഞ മാസം ഒൻപതാം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പരാതി ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നടപടിയെടുത്തത്.

എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുനിലിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ ഇയാൾ പൊലീസിനു നേരെയും അക്രമം അഴിച്ചുവിട്ടു. ആക്രമണത്തിൽ എ.എസ്.ഐ സുനിലിന്റെ മുഖത്തിന് പരിക്കേറ്റെങ്കിലും പൊലീസ് സാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു. ‘അലങ്കാർ’ എന്ന സ്വകാര്യ ബസ് റോഡിന് നടുവിൽ നിർത്തി ആളെ ഇറക്കിയപ്പോൾ കാർ യാത്രക്കാരൻ ഹോൺ മുഴക്കിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ലഹരിക്ക് അടിമപ്പെട്ട നിലയിൽ കാണപ്പെട്ട ഇയാൾ കാർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു.

പിടിയിലായ അൻസാർ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസുകളിലും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരെ ഹൈക്കോടതി വരെ ഇടപെട്ടിട്ടും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button