ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരം; സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.

ഈറോഡ്: സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി. അറുമുഖത്തെ തമിഴ്നാട് സത്യമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. പാചകത്തിലെ നിലവാരക്കുറവിനെ തുടർന്ന് ഭാര്യ അലമ്മാളിനെ സ്കൂളിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായാണ് ഇയാൾ ക്രൂരതയ്ക്ക് തുനിഞ്ഞത്.
സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് ഇയാൾ സാമ്പാറിൽ രാസവസ്തു കലർത്താൻ ശ്രമിച്ചത്. കുട്ടിക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ രാസവസ്തു നൽകിവിട്ടത്. എന്നാൽ കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. തമിഴ്നാട് സർക്കാരിന്റെ പ്രഭാതഭക്ഷണ, ഉച്ചഭക്ഷണ പദ്ധതികൾ നടപ്പിലാക്കുന്ന ഈ സ്കൂളിൽ 51 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
ശരീരത്തിനുള്ളിൽ ചെന്നാൽ ഗുരുതരമായ വിഷബാധയുണ്ടാക്കുകയും പെട്ടെന്ന് തന്നെ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് (multi-organ failure) നയിക്കുകയും ചെയ്യുന്ന വീര്യമേറിയ രാസവസ്തുവാണ് ഇയാൾ ഉപയോഗിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. അറസ്റ്റിലായ അറുമുഖത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഒളിവിൽ പോയ ഭാര്യ അലമ്മാളിനായി രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
For more details: The Indian Messenger



