കുവൈറ്റിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ബഹ്റൈനിലും ആവർത്തിച്ച് ആക്രമണം, ഗൾഫ് മേഖലയിൽ യുദ്ധഭീതി രൂക്ഷം.

കുറൈത്ത് സിറ്റി / മനാമ: തലേന്ന് അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് അയൽരാജ്യങ്ങൾക്ക് നേരെ ആക്രമണം വിപുലീകരിച്ച് ഇറാൻ. ബുധനാഴ്ച കുവൈറ്റിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ടും ബഹ്റൈനിൽ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇറാൻ വ്യോമാക്രമണങ്ങൾ നടത്തി.
ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബഹ്റൈനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി ആക്രമണം അഴിച്ചുവിടുന്നത്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ (U.S. Navy’s 5th Fleet) ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പേർഷ്യൻ ഗൾഫ് ദ്വീപ് രാഷ്ട്രമായ ബഹ്റൈനിലാണ്.
ഹോർമുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ (IRGC) മിസൈൽ വിക്ഷേപണ താവളത്തിന് നേരെ ചൊവ്വാഴ്ച അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടിരുന്നു. ചൊവ്വാഴ്ച അതിരാവിലെ ബഹ്റൈനിലെ അമേരിക്കൻ റഡാർ സിസ്റ്റത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് യു.എസ് ഈ പ്രത്യാക്രമണം നടത്തിയത്. ഇതിന് പിന്നാലെ ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാൻ ഗൾഫ് മേഖലയിൽ വീണ്ടും തിരിച്ചടി ശക്തമാക്കിയത്.
അമേരിക്കൻ ഡ്രോൺ നിരീക്ഷണ പ്രവർത്തനങ്ങൾക്കും ഇറാന്റെ കമ്മ്യൂണിക്കേഷൻ ടവറുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്കും മറുപടിയായാണ് ബഹ്റൈനിലെ യു.എസ് താവളങ്ങൾക്ക് നേരെ തുടർച്ചയായി പ്രത്യാക്രമണം നടത്തുന്നതെന്നാണ് ഇറാന്റെ നിലപാട്.
പരസ്പരമുള്ള ഈ തിരിച്ചടികളും ഏറ്റുമുട്ടലുകളും ഒമ്പത് മാസത്തോടടുക്കുന്ന യുദ്ധം കൂടുതൽ വ്യാപകമാകാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും ഖത്തറിന്റെ നേതൃത്വത്തിലും നടക്കുന്ന ശക്തമായ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതാണ് ഈ പുതിയ സൈനിക നീക്കങ്ങൾ.
അതേസമയം, ഏറ്റവും ഒടുവിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് അമേരിക്കൻ സൈനിക വക്താക്കൾ ഉടനടി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
For more details: The Indian Messenger



