മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ; ഉടമയ്ക്കെതിരെ കേസെടുത്തു.

മലപ്പുറം: ചങ്ങരംകുളത്ത് സ്കൂൾ വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. സംഭവവുമായി ബന്ധപ്പെട്ട് കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ കാമ്പയിനായ ‘തൂഫാൻ ദ നാർകോ ഹണ്ടിന്റെ’ ഭാഗമായി പോലീസ് നടത്തിയ വിപുലമായ പരിശോധനയിലാണ് പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് കള്ളുഷാപ്പ് ഉടമയും കുന്നംകുളം സ്വദേശിയുമായ ജോസിനെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചത്. ശനിയാഴ്ച രാത്രിയോടെ കോക്കൂരിലാണ് പ്രായപൂർത്തിയാവാത്ത ഒമ്പതോളം കുട്ടികളെ ലഹരി ഉപയോഗിച്ച നിലയിൽ ചങ്ങരംകുളം പോലീസ് സംഘം പിടികൂടിയത്. തുടർന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് സമീപത്തെ കള്ളുഷാപ്പിൽ നിന്നാണ് കള്ള് വാങ്ങിയതെന്നും ഇവർ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും പോലീസിന് നിർണ്ണായക മൊഴി ലഭിച്ചത്.
വിദ്യാർഥികൾ നൽകിയ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കള്ളുഷാപ്പിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകിയതായി ജീവനക്കാരൻ പോലീസിനോട് സമ്മതിച്ചു. മുൻപും പലതവണ ഈ കുട്ടികൾക്ക് ഇവിടെ നിന്ന് കള്ള് നൽകിയിരുന്നതായി പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി നിരവധി സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് ഈ ഷാപ്പിൽ നിന്ന് കള്ള് വിതരണം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ തെളിയുന്നത്. കുട്ടികളെ ലഹരിയിലേക്ക് തള്ളിവിടുന്ന ഈ കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്ന് ശക്തമായ ജനരോഷവും പ്രതിഷേധവും ഇപ്പോൾ ഉയരുന്നുണ്ട്.
Short Brief
The operator of a toddy shop in Changaramkulam, Malappuram, has been remanded in custody, and a case has been registered against the owner, Jose, after nine underage school students were found intoxicated. The incident came to light during a special anti-drug drive named ‘Toofan the Narco Hunt.’ Upon questioning, the minors confessed to regularly purchasing toddy from this shop, a claim subsequently confirmed by the shop’s employee during police interrogation. The incident has sparked widespread public outrage in the locality against the shop’s illegal activities.
(With inputs from MN)
For more details: The Indian Messenger



