തിരുവല്ലം ബൈക്ക് അപകടത്തിൽ വൻ വഴിത്തിരിവ്: ഐടി ജീവനക്കാരുടെ മരണം കാറിടിച്ചെന്ന് കണ്ടെത്തൽ; മലയിൻകീഴ് സ്വദേശി അറസ്റ്റിൽ.

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്നും, അമിതവേഗതയിലെത്തിയ കാർ ബൈക്കിന് പിന്നിലിടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കാറോടിച്ച മലയിൻകീഴ് സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് ദാരുണമായി മരിച്ചത്. ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച നവീന്റെ ജന്മദിനമായിരുന്നു. ഇത് ആഘോഷിക്കാനായി കോവളത്തേക്ക് പോവുകയായിരുന്നു ഇരുവരും.
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ റിപ്പോർട്ടുകൾ. എന്നാൽ, അപകടസ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയ തിരുവല്ലം പൊലീസിന് തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്. കാറ്റ് പിടിച്ചോ സാധാരണ രീതിയിലോ ഇത്രയും വലിയ ആഘാതത്തിൽ അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി.
തുടർന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ബൈക്കിന് തൊട്ടുപിന്നാലെ അമിതവേഗതയിൽ ഒരു കാർ പോകുന്നത് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കാറിന്റെ ഉടമ മലയിൻകീഴ് സ്വദേശി വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞു. രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അവിടെ നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കുകയും മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകൾ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഒളിച്ചുവെച്ച സത്യം പുറത്തുവന്നത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിച്ച കാര്യം ഇയാൾ സമ്മതിച്ചു. അപകടമുണ്ടായശേഷം ഭയം കാരണം കാർ നിർത്താതെ പോകുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തിൽ തെറിച്ചുവീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി.
മരിച്ച നവീൻ ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായും, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയായും ജോലി ചെയ്തുവരികയായിരുന്നു. തിരുവല്ലം ടോൾ പ്ലാസ കഴിഞ്ഞയുടനെയായിരുന്നു അപകടം സംഭവിച്ചത്. മൃദുല അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനകാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
Short Brief
The tragic death of two 25-year-old IT professionals, Naveen Cibi and Mridula Anna Oommen, near the Thiruvallam toll plaza has taken a major turn. Initially reported as a self-accident where the bike lost control and hit a divider, the police investigation revealed it was a hit-and-run case. Based on CCTV footage and forensic doubts, the police tracked down a speeding car to Malayinkeezhu and arrested the driver, Vishnu. The accused confessed that his car rammed into the techies’ motorcycle from behind on Naveen’s birthday and he fled the scene out of fear.
(With inputs from MN)
For more details: The Indian Messenger



