സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടി സ്വീകരിക്കണം; ശബരിമല കർമസമിതി.

തിരുവനന്തപുരം: ശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പ്രസംഗത്തിലെ പരാമർശങ്ങളിൽ ശബരിമല കർമസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ. കുമാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
പ്രചരിക്കുന്ന വീഡിയോയിൽ, ശബരിമലയിൽ കോടിക്കണക്കിന് ഭക്തർ അതീവ പവിത്രമായി ആചരിച്ചുവരുന്ന ശ്രീ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെ പരിഹസിക്കുകയും, ഒരു സ്ത്രീയെ കാണുന്ന സാഹചര്യവുമായി ബന്ധപ്പെടുത്തി ശ്രീ അയ്യപ്പനെ അത്യന്തം അപമാനകരമായ രീതിയിൽ വിശേഷിപ്പിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ ഉണ്ടായതായി കാണുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. ദേവതാസങ്കൽപ്പത്തെ മനുഷ്യന്റെ അധമമായ പെരുമാറ്റവുമായി ഉപമിച്ച് പരിഹസിക്കുന്നത് ഒരു മതവിശ്വാസത്തെ വിമർശിക്കുന്നതിന്റെ പരിധി കടന്നുള്ളതും കോടിക്കണക്കിന് വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
For more details: The Indian Messenger



