നേപ്പാൾ പ്രളയം: മരണസംഖ്യ 270 കടന്നു, കാണാതായവരിൽ 517 പേർ വിദേശ പൗരന്മാർ.

കാഠ്മണ്ഡു: മിന്നൽ പ്രളയത്തിന് പിന്നാലെ നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 270 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചില ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തെത്തുടർന്ന് ടിബറ്റിൽ കുടുങ്ങിപ്പോയ 200 ഓളം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അവിടെ ചിലരെ കാണാതായിട്ടുണ്ടാകാം. പ്രാദേശിക അധികൃതർ വഴി അവരെ കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. കൈലാസ മാനസരോവർ യാത്രയ്ക്കായി നേപ്പാളിലേക്ക് പോയ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും ജയ്‌സ്വാൾ അറിയിച്ചു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 350ലധികം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. രക്ഷപ്പെടുത്തിയവരിൽ 50 പേർ വിദേശ പൗരന്മാരാണെന്ന് സൈനിക വക്താവ് അറിയിച്ചു. ഇതിൽ 30 ഇന്ത്യക്കാരും എട്ട് ചൈനക്കാരും എട്ട് കൊറിയക്കാരും രണ്ട് അമേരിക്കക്കാരും രണ്ട് ഇറ്റലിക്കാരും ഉൾപ്പെടുന്നു.
പ്രളയത്തെത്തുടർന്ന് 910 പേരെ കാണാതാവുകയും അവരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും നേപ്പാളിലെ ദേശീയ ദുരന്തസാധ്യത ലഘൂകരണ നിർവഹണ അതോറിറ്റി അറിയിച്ചു. കാണാതായവരിൽ 517 വിദേശ പൗരന്മാരാണ്. നേപ്പാൾ സൈന്യത്തിലെ 44 അംഗങ്ങളും നേപ്പാൾ പോലീസിലെ 28 ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. ഇതുവരെ 258 മൃതദേഹങ്ങൾ കണ്ടെടുത്തു. 351 പേരെ രക്ഷപ്പെടുത്തി.
For more details: The Indian Messenger



