ഓച്ചിറ കാളകെട്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു: ഡി.ജെ സൗണ്ടും പേപ്പർഗണും പൂർണ്ണമായി നിരോധിച്ചു.

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണത്തോടനുബന്ധിച്ച് നടക്കുന്ന കാളകെട്ടുത്സവത്തിന്റെ മുന്നോടിയായി വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ കാളകെട്ട് സമിതികളും കെട്ടുകാളകളെ ഈ മാസം 23-ന് വൈകിട്ട് 5 മണിക്ക് മുൻപായി ക്ഷേത്രത്തിൽ എഴുന്നള്ളിക്കണം. കെട്ടുകാഴ്ചയിൽ ഡി.ജെ സൗണ്ട് സംവിധാനവും പേപ്പർഗണും പൂർണ്ണമായി നിരോധിക്കാനും, കെട്ടുകാളകളെ എഴുന്നള്ളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. അടുത്ത യോഗം ഈ മാസം 14-ന് സബ് കളക്ടറുടെ നേതൃത്വത്തിൽ ചേരും.
ഈ മാസം 15-ന് മുൻപായി കെട്ടുകാളകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും റൂട്ട് മാപ്പ് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. കൂടാതെ വലിയ കെട്ടുകാളകളെ മറ്റ് കെട്ടുകാഴ്ചകൾക്ക് ശേഷം മാത്രം എഴുന്നള്ളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബി.എസ്. വിനോദ്, കരുനാഗപ്പള്ളി തഹസിൽദാർ ബോസ് ഫ്രാൻസിസ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്ണൻ, കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാർ, കായംകുളം നഗരസഭാ അധ്യക്ഷൻ ശരത് ലാൽ ബില്ലാരി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. കൃഷ്ണകുമാർ, അമ്പിളിക്കല, എസ്. ശ്രീകല, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ആർ.ഡി. പത്മകുമാർ, വി. സാഗർ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
For more details: The Indian Messenger



