ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം: ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 13 പേരെ രക്ഷപ്പെടുത്തി.
ന്യൂഡൽഹി: ഒമാൻ തീരത്ത് വെച്ച് 14 അംഗ് ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ പതാക വഹിച്ച ചരക്കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ച് ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. നവംബർ 2-നാണ് സംഭവം നടന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ജീവനക്കാരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കവേ ആക്രമണത്തിനിരയായ ‘എം.എസ്.വി അൽ യൂസഫി’ (MSV AL JUSUFI) എന്ന കപ്പലിലെ ഗാന്ധാർ നഹീം അസീസ് (Gandhar Nahim Ajij) എന്ന നാവികനാണ് പരിക്കേറ്റ് മരണപ്പെട്ടത്.
സംഭവം സ്ഥിരീകരിച്ച മന്ത്രി സോണോവാൾ, കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരും ഇന്ത്യൻ പൗരന്മാരാണെന്ന് വ്യക്തമാക്കി. ഇതിൽ 13 പേർ സുരക്ഷിതമായി കപ്പലിൽ നിന്നും പുറത്തുകടക്കുകയും തുടർന്ന് ഒമാൻ കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തുകയും ചെയ്തെങ്കിലും, ഗുരുതരമായി പരിക്കേറ്റ അസീസ് മരണപ്പെടുകയായിരുന്നു.
വേർപാടിൽ ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിച്ച കേന്ദ്രമന്ത്രി, രക്ഷപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനും, കപ്പൽ ജീവനക്കാരെയും അന്തരിച്ച നാവികന്റെ മൃതദേഹവും വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുമായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും പ്രാദേശിക അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്ന് പറഞ്ഞു. ഒമാനിലെ ലിമയ്ക്ക് (Limah) സമീപം നവംബർ 2-ന് വൈകുന്നേരം ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തെ ന്യൂഡൽഹി ശക്തമായി അപലപിച്ചു.
ഔദ്യോഗിക പ്രസ്താവനയിലൂടെ വിദേശകാര്യ മന്ത്രാലയം (MEA) ഇങ്ങനെ വ്യക്തമാക്കി: “ഒമാനിലെ ലിമയ്ക്ക് സമീപം ‘എം.എസ്.വി അൽ യൂസഫി’ എന്ന ചരക്കുകപ്പലിന് നേരെ ഇന്നലെ വൈകുന്നേരം ഉണ്ടായ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.” കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയെന്നും, പരിക്കേറ്റ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
രക്ഷപ്പെട്ട 13 നാവികരെയും അസീസിന്റെ മൃതദേഹവും നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒമാൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ സംഘർഷങ്ങൾ അടിയന്തരമായി അയവുവരുത്തണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ നയതന്ത്ര പരിഹാരം തേടണമെന്നും അഭ്യർത്ഥിച്ചു.
For more details: The Indian Messenger



