ഓൾഡ് ദോഹ പോർട്ടിൽ ഖത്തർ ബോട്ട് ഷോ 2026-ന് പ്രൗഢോജ്ജ്വല തുടക്കം.

ദോഹ: ഖത്തർ ബോട്ട് ഷോയുടെ മൂന്നാമത് പതിപ്പിന് ഓൾഡ് ദോഹ പോർട്ടിൽ ബുധനാഴ്ച പ്രൗഢോജ്ജ്വല തുടക്കമായി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച മേള കാണാൻ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും ആഗോള സമുദ്ര മേഖലയിലെ പ്രമുഖരും ഉൾപ്പെടെ വൻ ജനവലിയാണ് എത്തിയത്.
ഖത്തറിന്റെയും ഓൾഡ് ദോഹ പോർട്ടിന്റെയും സ്ഥാനം ആഗോള സമുദ്ര വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോട്ട് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒയും സംഘാടക സമിതി ചെയർമാനുമായ എഞ്ചിനീയർ മുഹമ്മദ് അബ്ദുള്ള അൽ മുല്ല ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) പറഞ്ഞു.
ഇത്തവണത്തെ പതിപ്പിൽ 14 രാജ്യങ്ങളിൽ നിന്നായി 546 പ്രമുഖ ബ്രാൻഡുകളും കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നത് മേളയുടെ സവിശേഷതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൾഫ് മേഖലയിൽ നിന്നുള്ള പങ്കാളിത്തത്തിൽ ഇത്തവണ 30 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിൽ പങ്കെടുത്ത 70 ശതമാനം പ്രദർശകരും ഇത്തവണയും പങ്കാളിത്തം പുതുക്കി. ആഗോള സമുദ്ര വ്യവസായ രംഗത്തെ മുൻനിരക്കാരുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഖത്തർ ബോട്ട് ഷോയ്ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേള കേവലം സമുദ്ര മേഖലയിലെ വിദഗ്ദ്ധരിലേക്ക് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സന്ദർശകർക്കും പങ്കാളികൾക്കും വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികൾ, സ്ഥിരം-മെതക്കുന്ന കഫേകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ ഖത്തർ മ്യൂസിയംസ്, ‘ഖത്തർ ക്രീയേറ്റ്സ്’ എന്നിവയുമായി സഹകരിച്ച് സമഗ്രമായ ഒരു ചിത്ര-കലാ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
1950-കളിൽ ഓൾഡ് ദോഹ പോർട്ടിനുണ്ടായിരുന്ന ചരിത്രപരമായ പ്രാധാന്യവും, വിവിധ ഘട്ടങ്ങളിലൂടെ ഒരു വാണിജ്യ തുറമുഖത്തിൽ നിന്നും ആഗോള വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള അതിന്റെ പരിണാമവും പ്രദർശനത്തിൽ എടുത്തു കാണിക്കുന്നു.
ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന ‘എ മാരിടൈം ലെഗസി ആൻഡ് എ ഗേറ്റ്വേ ടു ദി വേൾഡ്’ എന്ന പ്രദർശനത്തോടൊപ്പം, വി.ഐ.പി പ്രവേശന കവാടത്തിൽ പരമ്പരാഗത തുന്നിച്ചേർത്ത ബഗ്ഗാറ (Baggarah) തരം ഉരുവും പ്രദർശിപ്പിച്ചിട്ടുണ്ട്.
‘ഖത്തർ ക്രീയേറ്റ്സ്’ മുൻകൈയെടുത്ത് ഖത്തർ മ്യൂസിയംസിന്റെ ശേഖരത്തിൽ നിന്നും എത്തിച്ച ഈ ഉരുവിന് 1899-ന് മുൻപുള്ള 125 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഗൾഫ് തുറമുഖങ്ങൾക്കിടയിൽ മുത്തെടുക്കലിനും ലഘുവായ ചരക്കുനീക്കത്തിനുമാണ് ഇത്തരം ബഗ്ഗാറ ഉരുക്കൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ‘ഉമ്മുൽ ഹനായ’ എന്ന പേരിൽ അറിയപ്പെടുന്ന പരമ്പരാഗത ഖത്തറി ബഗ്ഗാറ ഉരുക്കളോട് സമാനമായ ഈ ചരിത്രശേഷിപ്പ് ഖത്തറിന്റെയും അയൽ ഗൾഫ് രാജ്യങ്ങളുടെയും സംയുക്ത സമുദ്ര പാരമ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി ഇത്തരം ഉരുക്കൾ മേഖലയിലെ ജനങ്ങൾ തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്.
ഇതിനുപുറമേ, ഖത്തറിലെ പ്രശസ്ത കലാകാരൻ യൂസഫ് അഹമ്മദിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി ‘ദി സീ ഇൻ ദി മെമ്മറി ഓഫ് ഖത്തറി ആർട്ട്’ എന്ന പ്രത്യേക പ്രദർശനവും ഓഷാർ (OSHAR) ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. ഖത്തർ ജനതയും കടലും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈ ചിത്രങ്ങൾ ആവിഷ്കരിക്കുന്നത്.
For more details: The Indian Messenger



