ജി.സി.സി റെയിൽവേ കരാർ ഇന്ന് ബഹ്റൈനിൽ ഒപ്പുവെക്കും; ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മെഗാ റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.

സൗദി അറേബ്യ, യു.എഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ആറ് ജി.സി.സി അംഗരാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മെഗാ റെയിൽ പദ്ധതിയുടെ സുപ്രധാന കരാറിൽ ഞായറാഴ്ച ഒപ്പുവെക്കും.
നിലവിൽ ജി.സി.സി അധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലാണ് ഒപ്പിടൽ ചടങ്ങ് നടക്കുന്നത്. ജി.സി.സി അംഗരാജ്യങ്ങളുടെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാരും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ചടങ്ങിൽ പങ്കെടുക്കും.
ജി.സി.സി അംഗരാജ്യങ്ങൾ അംഗീകരിച്ച പ്രവർത്തന പദ്ധതിയുടെയും സമയക്രമത്തിന്റെയും അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമാണ് ജി.സി.സി റെയിൽവേ കരാറിന്റെ പ്രധാന സവിശേഷതകൾ. അംഗരാജ്യങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതിനും, നിർമ്മാണ പുരോഗതി നിരീക്ഷിക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും ജി.സി.സി റെയിൽവേ അതോറിറ്റിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു. യാത്രക്കാർക്കും ചരക്കുകൾക്കും സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗതം നൽകുക വഴി ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാമൂഹിക കൈമാറ്റങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ജി.സി.സി റെയിൽവേയുടെ ലക്ഷ്യം. ആറ് ഗൾഫ് രാജ്യങ്ങളിലായി 2,100 കിലോമീറ്ററിലധികം നീളുന്ന ഈ ശൃംഖല, വ്യാപാര ബന്ധവും സാമ്പത്തിക വൈവിധ്യവൽക്കരണവും ലോജിസ്റ്റിക്സ് സുരക്ഷയും ശക്തിപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായി മാറും.
ഈ ചരിത്രപരമായ പദ്ധതിയുടെ പണികൾ ഇതിനകം ഏകദേശം 50 ശതമാനത്തോളം പൂർത്തിയായതായും 2030-ഓടെ പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതായും കഴിഞ്ഞ ജൂണിൽ പി.ഡബ്ല്യു.സി മിഡിൽ ഈസ്റ്റ് (PwC Middle East) തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ഭൂരാഷ്ട്രീയ വെല്ലുവിളികളെ ഗൾഫ് മേഖല അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് റെയിൽ പദ്ധതിക്ക് വീണ്ടും ഊർക്കം ലഭിച്ചിരിക്കുന്നത്. ലോകത്തിലെ പെട്രോളിയം വിതരണത്തിന്റെ ഏകദേശം 20 ശതമാനവും സുപ്രധാന വ്യാപാരങ്ങളും ദിവസേന കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിലവിലെ സംഘർഷങ്ങൾ പരമ്പരാഗത കപ്പൽ ഗതാഗത മാർഗ്ഗങ്ങളുടെ സുരക്ഷിതത്വമില്ലായ്മ വെളിച്ചത്തുകൊണ്ടുവരികയും, ഇതര ഗതാഗത ഇടനാഴികൾ വികസിപ്പിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
For more details: The Indian Messenger



