ഹോർമുസ് കടലിടുക്കിൽ തിരിച്ചടിച്ച് യു.എസ്.; ഖെഷ്മ് ദ്വീപിൽ സ്ഫോടനം.

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ തലേന്ന്, ഹോർമുസ് കടലിടുക്കിലെ ചില ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആത്മരക്ഷാർത്ഥം തിരിച്ചടി നടത്തിയതായി മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇറാന്റെ അധീനതയിലുള്ള ഖെഷ്മ് (Qeshm) ദ്വീപിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യു.എസ് സൈനിക സംവിധാനങ്ങൾക്ക് നേരെ ഉപരിതല-വ്യോമ മിസൈലുകൾ (surface-to-air missiles) പ്രയോഗിച്ച ഇറാനിയൻ സൈനിക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പൂർണ്ണമായ യുദ്ധത്തിലേക്ക് തിരിച്ചെത്തുന്നതിന് പകരം, ലിമിറ്റഡ് തരം ആക്രമണമാണ് അമേരിക്ക നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വോട്ടെടുപ്പിന് മുൻപ് ആക്രമണം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും സൈനിക തിരിച്ചടി നടക്കുകയായിരുന്നു. ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയ ഇറാൻ യുദ്ധവും, തന്മൂലം യു.എസിൽ ഉണ്ടായ പെട്രോൾ വിലവർദ്ധനവും സമ്പദ്വ്യവസ്ഥയിലെ ഇടിവും കോൺഗ്രസിന്റെ നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ സെപ്റ്റംബർ തുടക്കത്തിലാണ് യു.എസ് അവസാനമായി വൻതോതിലുള്ള ആക്രമണങ്ങൾ നടത്തിയത്. എങ്കിലും ഇറാന്റെ എണ്ണക്കപ്പലുകൾ ആഗോള വിപണിയിലെത്തുന്നത് തടയുന്നതിനുള്ള ഉപരോധം ശക്തമാക്കാൻ ആയിരക്കണക്കിന് അമേരിക്കൻ സൈനികരും വ്യോമവാഹിനി കപ്പലുകളും മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരഞ്ഞെടുപ്പിന് ശേഷം പുതിയ ആക്രമണങ്ങൾക്ക് ട്രംപ് ഉത്തരവിടാതിരിക്കാൻ ഇറാനുമായി നയതന്ത്ര ധാരണയിലെത്താൻ സാധിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രത്യാശ പ്രകടിപ്പിച്ചു.
വാൻസ് കഴിഞ്ഞ ആഴ്ച ഇറാന്റെ സുരക്ഷാ തലവൻ മൊഹസൻ റസായിക്ക് കത്തെഴുതിയെങ്കിലും അതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ അടിയന്തര വൈദ്യസഹായങ്ങളും മറ്റ് അത്യന്താപേക്ഷിത കാര്യങ്ങളും അടങ്ങിയതാണ് കത്തെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് താനും ട്രംപും വിശ്വസിക്കുന്നതായി വാൻസ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഇസ്രായേലും മറ്റ് മിഡിൽ ഈസ്റ്റ് സഖ്യകക്ഷികളും എട്ടുമാസമായി തുടരുന്ന യുദ്ധത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ട്രംപിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇസ്രായേലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താൻ ട്രംപിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സൈനിക നീക്കം ഇസ്രായേലിൽ അടിയന്തര ഐക്യ സർക്കാർ രൂപീകരിക്കാൻ നെതന്യാഹുവിനെ സഹായിച്ചേക്കും.
അതേസമയം, ഖത്തർ മധ്യസ്ഥർ ഇറാനിയൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കുന്നതിന് പകരമായി തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം അമേരിക്ക നീക്കുമെന്ന തരത്തിലുള്ള ഫോർമുലയാണ് ചർച്ചകളിൽ ഉരുത്തിരിയുന്നത്. തങ്ങളുടെ തീരങ്ങളിൽ കൂടുതൽ ആക്രമണം ഉണ്ടായാൽ മേഖലയിൽ വീണ്ടും അസ്ഥിരത ഉണ്ടാകുമെന്നും ഹൂതികൾ ഉൾപ്പെടെയുള്ള സഖ്യസേനകൾ തിരിച്ചടിക്കുമെന്നും സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും മുന്നറിയിപ്പ് നൽകുന്നു. സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു.
അമേരിക്കൻ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയമായി ഇറാൻ യുദ്ധം മാറിനിൽക്കെ, തിങ്കളാഴ്ച എണ്ണവിലയിൽ കുറവുണ്ടായത് ഭരണകൂടത്തിന് ആശ്വാസമായി. “നമ്മൾ മാസങ്ങളായി നേരിട്ട് യുദ്ധം ചെയ്യാത്തതിനാൽ ഇതിനെ ഒരു യുദ്ധമെന്ന് വിളിക്കാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇതിനിടെ, അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാതെ ശക്തമായ തിരിച്ചടി നൽകാൻ സജ്ജമായിരിക്കാൻ ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി സൈന്യത്തിന് നിർദ്ദേശം നൽകി. യു.എസ് കത്തുകളിൽ അനുകൂലമായ നിലപാടുകൾ പ്രകടമാണെന്ന് ഇറാൻ സുരക്ഷാ തലവൻ മൊഹസൻ റസായി നിരീക്ഷിച്ചെങ്കിലും, ഇറാൻ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കുമെന്ന ഉറപ്പിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് വാഷിംഗ്ടൺ വ്യക്തമാക്കുന്നത്.
For more details: The Indian Messenger



