യു.എ.ഇയിൽ ശക്തമായ മഴ തുടരുന്നു; വരും മണിക്കൂറുകളിൽ കാലാവസ്ഥ കൂടുതൽ മോശമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.

ഷാർജ: ബുധനാഴ്ച ഫുജൈറ, അൽ ഐൻ, ഷാർജയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും അതിവേഗ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥ നവംബർ 12 വ്യാഴാഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴ കനക്കാനും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഷാർജയിലെ മലീഹ, അൽ മദാം, അൽ ബദായർ, ഷൗക്ക എന്നിവിടങ്ങളിലും ഫുജൈറയിലെയും അൽ ഐനിലെയും ഖത്ം അൽ ശിക്ല, മലഖാത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിൽ പെയ്ത ശക്തമായ മഴയുടെയും വെള്ളക്കെട്ടിലായ റോഡുകളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും താഴ്വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശിച്ചു. മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ കടലിൽ പോകുന്നതും കടൽത്തീരങ്ങൾ സന്ദർശിക്കുന്നതും ഒഴിവാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയുന്നത് അപകടങ്ങൾക്ക് കാരണമാകാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
For more details: The Indian Messenger



