SAUDI ARABIATOP NEWS

റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് ടവറിന് നേരെ ഹൂതി ആക്രമണം; കെട്ടിടങ്ങൾക്ക് കേടുപാടുകൾ, ആളപായമില്ല.

റിയാദ്: റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ (KAFD) ഒരു ടവറിന് നേരെ വ്യാഴാഴ്ച ഹൂതി മിലിഷ്യ ആക്രമണം നടത്തി. ആക്രമണത്തിൽ ടവറിന്റെ വിവിധ നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും ഭൗതിക കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

2026 നവംബർ 19-നാണ് സാമ്പത്തിക മേഖലയിലെ ടവറിന് നേരെ ഹൂതി ആക്രമണമുണ്ടായതെന്നും എമർജൻസി സംഘങ്ങൾ ഉടനടി സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

ആക്രമണത്തിൽ ടവറിന്റെ പല നിലകൾക്കും സമീപത്തുള്ള ചില കെട്ടിടങ്ങൾക്കും തകേടുകൾ പറ്റിയിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വക്താവ് അപലപിച്ചു.

ഹൂതി മിലിഷ്യയുടെ തുടർച്ചയായ ശത്രുതാപരമായ നടപടികൾ സൃഷ്ടിക്കുന്ന ഭീഷണിയുടെ വ്യാപ്തിയാണ് ഈ ആക്രമണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികൾ ഇടപെടുകയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി അംഗീകൃത അടിയന്തര നടപടികൾ നടപ്പിലാക്കുകയും ചെയ്തതായി വക്താവ് വ്യക്തമാക്കി.

അതേസമയം, റിയാദിലെ സിവിലിയൻ-സാമ്പത്തിക കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സ്വത്തുക്കൾ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണവും നിയമപരവുമായ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

“സ്വന്തം പരമാധികാരം സംരക്ഷിക്കാനും ദേശീയ സ്വത്തുക്കൾ സംരക്ഷിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണവും നിയമപരവുമായ അവകാശം രാജ്യത്തിനുണ്ട്,” വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ അതിർത്തികൾക്കോ സ്വത്തുക്കൾക്കോ നേരെ ഉണ്ടാകുന്ന ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ബന്ധപ്പെട്ട യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കണമെന്നും സൗദി മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി അറേബ്യക്ക് നേരെ ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് അഭ്യർത്ഥിച്ച മന്ത്രാലയം, ഈ ഗ്രൂപ്പ് പ്രാദേശിക-ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി.

For more details: The Indian Messenger

Related Articles

Back to top button