INDIA NEWSTOP NEWS

ഓപ്പറേഷൻ തൂഫാന് അമിത് ഷായുടെ പിന്തുണ; ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന് രമേശ് ചെന്നിത്തല.

ന്യൂഡൽഹി: ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാന്’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൂർണ്ണ പിന്തുണയും അഭിനന്ദനവും അറിയിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ‘ലഹരിമുക്ത ഭാരതം’ പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പറേഷൻ തൂഫാന് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.

പോലീസിൽ 30 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്ന കാര്യവും കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് സേനയുടെ ആധുനികവൽക്കരണത്തിനായി സമർപ്പിച്ച വിവിധ പ്രോജക്ടുകൾക്ക് അനുമതി നൽകണമെന്നും, സേനയ്ക്ക് കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട കുടിശ്ശിക ഫണ്ടുകൾ ഉടൻ ലഭ്യമാക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല അറിയിച്ചു.

സംസ്ഥാനത്ത് കൂടുതൽ ജയിലുകൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്രത്തിന് സമർപ്പിച്ചു. പൂജപ്പുര സെൻട്രൽ ജയിലുമായി ബന്ധപ്പെടുത്തി പുതിയ ഓപ്പൺ ജയിൽ പദ്ധതി രൂപീകരിക്കാനുള്ള നിർദ്ദേശവും കൈമാറിയിട്ടുണ്ട്. ഇതിനുപുറമേ നെട്ടുകാൽതേരിയിൽ പുതിയൊരു സെൻട്രൽ ജയിൽ സ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നിൽ വെച്ചതായി അദ്ദേഹം പറഞ്ഞു.

ലഹരിമുക്ത ഭാരതം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരുന്നു. ലഹരിവ്യാപനം തടയുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള ശക്തമായ നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നും, ഇതിന്റെ ഫലപ്രാപ്തിക്കായി ദേശീയതലത്തിൽ ഏകോപനം അനിവാര്യമാണെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് കേസ് വിഷയങ്ങൾ ചർച്ചയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ടുയർന്ന പുതിയ വിവാദങ്ങളിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.

For more details: The Indian Messenger

Related Articles

Back to top button