കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: 82 പവൻ സ്വർണാഭരണങ്ങളുമായി രണ്ട് യാത്രക്കാരും സ്വർണം വാങ്ങാനെത്തിയ ആളും കസ്റ്റഡിയിൽ.

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസ് വീണ്ടും വൻ സ്വർണവേട്ട നടത്തി. ആഭരണ രൂപത്തിൽ കടത്താൻ ശ്രമിച്ച 661 ഗ്രാം സ്വർണ്ണമാണ് (82.625 പവൻ) പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്വർണം കടത്തിയ രണ്ട് യാത്രക്കാരടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഷാർജയിൽ നിന്നും എത്തിച്ചേർന്ന IX 440 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. കോഴിക്കോട് നാദാപുരം സ്വദേശി ഖാലിദ് അണ്ടോടി താഴെക്കുനി, കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് സ്വർണവുമായി പോലീസിന്റെ വലയിലായത്. ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ആഭരണ രൂപത്തിലുള്ള 661 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്കോഡും കരിപ്പൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണക്കടത്ത് സംഘം പിടിയിലായത്. കടത്തിക്കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാനായി വിമാനത്താവളത്തിലെത്തിയ കൊടുവള്ളി സ്വദേശി ഹനീഫ് (പാറമ്മൽ ഹൗസ്, കിഴക്കോത്ത്) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വർണം കടത്തിയവർക്ക് പ്രതിഫലമായി നൽകാൻ ഇയാൾ കരുതിയിരുന്ന 3,10,000 രൂപയും പോലീസ് പിടിച്ചെടുത്തു.
For more details: The Indian Messenger



