INDIA NEWSTOP NEWS

ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം: 18 കാരിയുൾപ്പെടെ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി; പോസ്റ്റ്‌മോർട്ടം ഇന്ന്.

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയ്‌നിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ മധുവിന്റെയും ധർമജയുടെയും മകനായ അഭിറാമിന്റെ (17) മൃതദേഹമാണ് പാങ്ങപ്പാറ പേരൂർ അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കണ്ടെത്തിയത്. ശ്രീകാര്യം സ്വദേശി ഉമർ (23), അഭിറാമിന്റെ സുഹൃത്തായ ഐ.ടി.ഐ. വിദ്യാർത്ഥിനി മണക്കാട് സ്വദേശി അനന്ത (18), മറ്റൊരു പ്രായപൂർത്തിയാകാത്ത 17-കാരൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ 17-കാരൻ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് ഉമറിന്റെ മൊഴി. അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയും സംഘം ലക്ഷ്യമിട്ടതായി വിവരമുണ്ട്. ഈ സുഹൃത്തിനെ ഫോണിൽ വിളിച്ച് വരാൻ ആവശ്യപ്പെട്ടെങ്കിലും അപകടം മനസ്സിലാക്കി അയാൾ എത്തിയില്ലെന്നാണ് വിവരം. ഉമർ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. അഭിറാമിന്റെ അമ്മയും സഹോദരിയും ഗൾഫിലാണ്.

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലൂടെ ചാറ്റ് ചെയ്താണ് പ്രതികൾ അഭിറാമിനെ വിളിച്ചുവരുത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അഭിറാമിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും.

For more details: The Indian Messenger

Related Articles

Back to top button