FILMS

തമിഴ്‌നാട്ടിൽ മമ്മൂട്ടിക്ക് വഴികാട്ടിയായി ആരാധകൻ; സ്നേഹാനുഭവം പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്.

Sponsored

തമിഴ്‌നാട്ടിൽ മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ലഭിച്ച ആരാധക സ്‌നേഹം പങ്കുവച്ചുകൊണ്ടുള്ള നിർമാതാവ് ആന്റോ ജോസഫിന്റെ കുറിപ്പ് വൈറൽ. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ കാരക്കുടിയിലെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോഴുണ്ടായ സംഭവമാണ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തതോടെ മമ്മൂട്ടിയുടെയും സംഘത്തിന്റെയും യാത്ര തടസപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയിട്ടും രക്ഷയില്ലാതെ തിരികെ മടങ്ങാനൊരുങ്ങുമ്പോഴാണ് രക്ഷകനായി യുവാവ് എത്തിയത്.

മമ്മൂട്ടിയാണ് കാറിലെന്ന് മനസിലാക്കിയ പ്രദേശവാസിയായ പാണ്ഡ്യൻ സഹായിക്കാൻ എത്തുകയായിരുന്നു. ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ തങ്ങൾക്ക് വഴി കാട്ടിയെന്ന് വിഡിയോ പങ്കുവെച്ച് ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

Sponsored

ആന്റോ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ:

അതിരുകടന്ന സ്‌നേഹം….

”നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ് ”

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും.

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവ വഴികളിലൂടെ ചുറ്റിച്ചു. രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു ”തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും” ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.

പിഷാരടിയും ഞാനും പരസ്പരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി. സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.

പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട്. അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അൽപം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. ”നീങ്ക മലയാളികളാ? ”

പിന്നെ കാറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…”നീങ്ക മമ്മൂട്ടി സാറാ എന്നെ ഫോളോ സെയ്….ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ ).

‘അപ്പടിയെ സ്‌ട്രൈറ്റ് കേരള”.അയാൾ കൈ ചൂണ്ടി.

ഒരു നല്ല മനുഷ്യൻ. അയാൾ നാളെ ആരോടെങ്കിലും പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം.

മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി. അയാളെ ചേർത്തു പിടിച്ചു.

ഉൻ പേരെന്ന? പാണ്ഡ്യന്‍.

മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ. PANDYAN, PAN INDIAN ആകട്ടെ..

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button