INDIA NEWSKERALA NEWSTOP NEWS

നിശാഗന്ധിയിൽ പീലി വിടർത്തി അർജ്ജുന നൃത്തം; തിരുവോണ സന്ധ്യയെ ധന്യമാക്കി പരമ്പരാഗത കലാരൂപങ്ങൾ.

Sponsored

തിരുവനന്തപുരം: മയിൽപ്പീലി അഴക് വിടർത്തി നിശാഗന്ധി വേദിയിൽ പ്രശസ്ത കലാകാരൻ കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം അർജ്ജുന നൃത്തം തിരുവോണ സന്ധ്യയെ അവിസ്മരണീയമാക്കി. ചെണ്ട, താളച്ചെണ്ട, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ മഹാഭാരതത്തിലെ വനപർവ്വത്തിൽ ഭീമന്റെ സൗഗന്ധികപുഷ്പ അന്വേഷണവും വഴിമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതുമായ കഥയാണ് അഞ്ച് വേഷങ്ങളിലൂടെ കലാകാരന്മാർ പുനരാവിഷ്കരിച്ചത്. പ്രശസ്ത അർജുന നൃത്ത കലാകാരനായിരുന്ന കുറിച്ചി പി.എസ്. കുമാരന്റെ പാത പിന്തുടർന്ന് പത്താം വയസ്സിൽ രംഗത്തെത്തിയ കുറിച്ചി നടേശൻ, കേരള ഫോക്‌ലോർ അക്കാദമി അവാർഡും കേന്ദ്രഫെലോഷിപ്പും നേടിയിട്ടുള്ള പ്രതിഭയാണ്.

സോപാനം വേദിയിൽ കൊല്ലത്തുനിന്നുള്ള ‘നാട്ടരങ്ങ്’ സംഘം അവതരിപ്പിച്ച കാക്കാരിശ്ശി നാടകവും കാണികളുടെ മനംകവർന്നു. തുടർന്ന് ഒറ്റപ്പാലം പനമണ്ണ സംഘത്തിലെ 12 കലാകാരന്മാർ അണിനിരന്ന ‘പരിചമുട്ടുകളി’യും വേദിയിലെത്തി. അരയിൽ കച്ചകെട്ടി ചെമ്പട്ടുടുത്ത് ചെറിയ വാളും പരിചയുമേന്തി താളത്തിനൊത്ത് ഇവർ ചുവടുവെച്ചു.

പാലക്കാട്, മലപ്പുറം മേഖലകളിലെ അപൂർവ്വ അനുഷ്ഠാന കലാരൂപമായ ‘പൂപ്പടത്തുള്ളൽ’ സോപാനം വേദിയിൽ അരങ്ങേറി. പൂക്കൾ കൊണ്ട് അലങ്കരിച്ച വട്ടത്തട്ടുകൾ തലയിലേന്തി വെളിച്ചപ്പാടോടുകൂടി, കോട്ടവട്ടം തങ്കപ്പന്റെ നേതൃത്വത്തിലുള്ള 15 അംഗ കേരള കലാഭവൻ നാടൻ കലാസംഘമാണ് ഇത് അവതരിപ്പിച്ചത്. ഇതോടൊപ്പം തിരുവരങ്ങ് വേദിയിൽ വൈകിട്ട് അരങ്ങേറിയ സർപ്പ പാട്ടും കളമെഴുത്തും, ദഫ്‌മുട്ട്, അറബന, തോറ്റംപാട്ട് എന്നിവയും സദസ്സിന്റെ മനംകവർന്ന് സമാപിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button