
ഡോ. വിശാൽ ചതുർവേദി എഴുതി സംവിധാനം ചെയ്ത് സ്വയംഭൂ മീഡിയ നെറ്റ്വർക്കിന്റെ ബാനറിൽ നിർമ്മിച്ച ‘ഹനുമാൻ അംശ്’ (Hanuman Ansh) ഭക്തിയും ആത്മീയതയും നിറഞ്ഞ മികച്ചൊരു സിനിമാ അനുഭവമാണ് നൽകുന്നത്. വിശാൽ ചതുർവേദിയുടെ തന്നെ ‘ഡിവൈൻ ഡിറ്റൂർ: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദൈവതുല്യമായി ആരാധിക്കുന്ന നീം കരോളി ബാബയുടെ ആദ്യകാല ജീവിതത്തെയും ആത്മീയ യാത്രയെയുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ശോഭിനവ് സത്യ, ചന്ദൻ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ആത്മീയ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. അമ്മയുടെ വേർപാടിന് ശേഷം, തനിക്ക് നഷ്ടപ്പെട്ട സ്നേഹം ദൈവീക പ്രണയത്തിലൂടെ മാത്രമേ തിരിച്ചുകിട്ടൂ എന്ന് വിശ്വസിച്ച് പതിമൂന്നാം വയസ്സിൽ ബ്രജ് ഉപേക്ഷിച്ച് ഇറങ്ങുന്ന ലക്ഷ്മൺ ദാസിലാണ് കഥ തുടങ്ങുന്നത്. പ്രകൃതിയിൽ നിന്നും ധ്യാനത്തിൽ നിന്നും ആത്മീയത ഉൾക്കൊണ്ട് വളരുന്ന അദ്ദേഹം സന്യാസ ജീവിതത്തിന്റെ നിശബ്ദമായ വഴികളിലൂടെ സഞ്ചരിക്കുന്നു.
തുടർന്ന് ട്രെയിൻ യാത്രയ്ക്കിടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ലക്ഷ്മൺ ദാസിനെ ടിക്കറ്റില്ലെന്ന പേരിൽ പുറത്താക്കുന്നതും, അത്ഭുതകരമെന്നു പറയട്ടെ, അദ്ദേഹം ഇറങ്ങിയ ശേഷം ട്രെയിൻ മുന്നോട്ട് എടുക്കാൻ സാധിക്കാതെ വരുന്നതുമായ സംഭവവികാസങ്ങൾ ചിത്രത്തിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. പിന്നീട് റെയിൽവേ അധികൃതർ ക്ഷമാപണം നടത്തുകയും, അദ്ദേഹം നിർദ്ദേശിച്ച സ്ഥലത്ത് പ്രദേശവാസികൾക്കായി പുതിയ റെയിൽവേ സ്റ്റേഷൻ അനുവദിക്കുകയും ചെയ്യുന്നു. ഈ സംഭവത്തോടെയാണ് അദ്ദേഹം ‘നീം കരോളി ബാബ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ആർഭാടങ്ങളോ അമിതമായ വിഷ്വൽ എഫക്റ്റുകളോ ഇല്ലാതെ തികച്ചും ശാന്തവും ലളിതവുമായ അന്തരീക്ഷത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക, രാമനാമം ജപിക്കുക” എന്ന നീം കരോളി ബാബയുടെ ജീവിതസന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ചിത്രം പൂർണ്ണമായും വിജയിച്ചു. ശോഭിനവ് സത്യയുടെയും ചന്ദൻ ആനന്ദിന്റെയും മികച്ച അഭിനയവും ചിത്രത്തിന്റെ പോസിറ്റീവ് ഘടകമാണ്. ആത്മീയതയും ചരിത്രപരമായ സംഭവങ്ങളും കോർത്തിണക്കിയ ‘ഹനുമാൻ അംശ്’ മനസ്സിന് ശാന്തി നൽകുന്ന മികച്ചൊരു ചലച്ചിത്രാനുഭവമാണ്.
For more details: The Indian Messenger



