INDIA NEWSTOP NEWS

ധനരാജ് വധക്കേസ് വിധി: “കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും”; കൊലവിളി പ്രസംഗവുമായി ടി.ഐ. മധുസൂദനൻ.

കണ്ണൂർ: സി.വി. ധനരാജ് വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ വിവാദവും പ്രകോപനപരവുമായ പ്രസംഗവുമായി മുൻ എം.എൽ.എ ടി.ഐ. മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട കാര്യം ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. പയ്യന്നൂരിൽ സംഘടിപ്പിച്ച ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ ഈ പ്രസംഗം.

കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും ടി.ഐ. മധുസൂദനൻ രൂക്ഷവിമർശനം ഉന്നയിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്ന് പരിഹസിച്ച അദ്ദേഹം, ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ടി.സി.വി. നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷ പോരാട്ടവീര്യത്തെ ശിക്ഷ വിധിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും, ജുഡീഷ്യറി ഭരണകൂട താൽപ്പര്യങ്ങൾക്ക് വഴങ്ങി പ്രവർത്തിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അവസാനത്തെ കോടതിയല്ലെന്നും പോരാട്ടം മുന്നോട്ട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിന് നേരെ നടത്തിയ ബോംബേറിനെയും മധുസൂദനൻ പ്രസംഗത്തിൽ ന്യായീകരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബോംബെറിഞ്ഞപ്പോൾ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയിട്ടില്ലെന്നും ആർക്കും രക്തം പൊടിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബോംബേറിൽ ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയതെന്നും അതിനാണ് നിഷാദിനെയും ടി.സി.വി. നന്ദകുമാറിനെയും ജയിലിലടച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുൻ സഹപ്രവർത്തകനും സി.പി.ഐ.എം നേതാവുമായ വി. കുഞ്ഞികൃഷ്ണനെതിരെയും മധുസൂദനൻ കടുത്ത വിമർശനമുന്നയിച്ചു. വി. കുഞ്ഞികൃഷ്ണൻ ഒരു രാഷ്ട്രീയ നപുംസകമാണെന്നും ഇടതുപക്ഷത്തെ വിറ്റ് എം.എൽ.എ ആകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്ത വ്യക്തിയാണ് ഇന്ന് വലിയ ആളായി ചമഞ്ഞുനിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

For more details: The Indian Messenger

Related Articles

Back to top button