
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനമാണ് ഇന്ന്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നായകനെന്ന നിലയിൽ, ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം ശക്തിയായി കേൾപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ 76-ാം ജന്മദിനം കടന്നെത്തുന്നത്. ഗ്ലോബൽ സൗത്തിന്റെ വികസന താൽപ്പര്യങ്ങൾ മുന്നിൽ നിർത്തി നിർമ്മിത ബുദ്ധി (AI), സുസ്ഥിര വികസനം, വ്യാപാരം, സുരക്ഷ എന്നിവയിൽ ലോകരാഷ്ട്രങ്ങളെ ഏകോപിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. വൻശക്തി രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലും ഭാരതത്തിന്റെ സ്വതന്ത്രവും സന്തുലിതവുമായ നിലപാടുകൾക്ക് ആഗോള അംഗീകാരം ലഭിച്ചത് വലിയൊരു നേട്ടമാണ്. ഈ വരുന്ന ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിലും ഭരണനേതൃത്വത്തിൽ തുടർച്ചയായി 25 വർഷം തികയ്ക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ മോദിയുടെ ജന്മദിനത്തിനുണ്ട്.
സ്വാതന്ത്രാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി, ഹിന്ദി ഇതര സംസ്ഥാനത്തു നിന്നും ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി കൂടിയാണ്. 2014 മുതൽ പ്രധാനമന്ത്രി പദത്തിൽ തുടരുന്ന അദ്ദേഹം, ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡും മറികടന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ഇക്കാലയളവിൽ മോദിക്കായി. കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം, ഭക്ഷ്യസുരക്ഷ എന്നിവയിൽ ലോകരാജ്യങ്ങൾക്ക് വഴികാട്ടിയാകാനും ഇന്ത്യക്ക് കഴിഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതും, യു.പി.ഐ (UPI) അധിഷ്ഠിത പണമിടപാടുകളിലൂടെ ആഗോള ഡിജിറ്റൽ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതും, ജൻ ധൻ അക്കൗണ്ടുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നതും ജനങ്ങളെ മോദിയോട് കൂടുതൽ അടുപ്പിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ, അതിവേഗ ദേശീയപാതകൾ, എയർപോർട്ട്-മെട്രോ ശൃംഖലകൾ എന്നിവ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ആയുഷ്മാൻ ഭാരത്, പി.എം ആവാസ് യോജന, ജൻ ധൻ യോജന എന്നിവയിലൂടെ ദശകോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനും മോദി സർക്കാരിനായി. ഇതിനെല്ലാമുപരി, ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിയതും മോദിയുടെ നേതൃത്വത്തിനു കീഴിലാണ്.
For more details: The Indian Messenger



