
കൊച്ചി: വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഓഗസ്റ്റ് 30 ഞായറാഴ്ച തുടക്കമായി. കൊച്ചി വൈറ്റില പുന്നരുന്നി ശ്രീ നാരായണേശ്വരി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, നായിക മീനാക്ഷി മാധവൻ, നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

സംവിധായകന്റെ മാതാപിതാക്കളായ ശ്രീധരനും ശോഭയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പ് നൽകി. തിയേറ്റർ ഓഫ് ഡ്രീംസ്, എം സ്റ്റാർ എന്റർടൈൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മലബാറിലെ ഒരു വീടിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾക്കും ഹൊററിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.

സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് ബിബിൻ അശോക് സംഗീതവും ഹലോ റഷാദ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. വണ്ടൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
For more details: The Indian Messenger



