അഗ്നിപഥ് പദ്ധതിയിൽ നിർണ്ണായക മാറ്റം: 75% അഗ്നിവീറുകൾക്ക് 2 വർഷത്തെ കാലാവധി നീട്ടിനൽകാൻ കേന്ദ്ര തീരുമാനം; സേനയിൽ സ്ഥിരപ്പെടാൻ വീണ്ടും അവസരം.

ന്യൂഡൽഹി: ഹ്രസ്വകാലയളവിലേക്ക് യുവാക്കളെ സായുധ സേവനത്തിന് നിയോഗിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. പദ്ധതിയിൽ അഗ്നിവീറായി നിയമിക്കപ്പെട്ട 25 ശതമാനം പേരെ സേനയിൽ സ്ഥിരപ്പെടുത്തുമെന്ന മുൻ നിബന്ധന നിലനിൽക്കെ, ശേഷിക്കുന്ന 75 ശതമാനം അഗ്നിവീറുകളുടെ കാലാവധി രണ്ടു വർഷം കൂടി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി സംയുക്ത സേനാ മേധാവി (CDS) ജനറൽ എൻ.എസ്. രാജാസുബ്രഹ്മണി അറിയിച്ചു. ഈ അധിക കാലാവധിക്ക് ശേഷം, താൽപ്പര്യമുള്ളവർക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സായുധ സേനയിൽ സ്ഥിരമായി ചേരാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യൻ പ്രതിരോധ സേനയ്ക്കും നമ്മുടെ അഗ്നിവീർമാർക്കും സുപ്രധാന ദിവസമാണിത്. എല്ലാ അഗ്നിവീർ സൈനികർക്കും ഇന്ത്യൻ സായുധ സേനയുടെ ഭാഗമാകാൻ കഴിയുന്ന സുപ്രധാന സാധ്യതയാണ് കേന്ദ്രമന്ത്രിസഭ ഒരുക്കിയിരിക്കുന്നത്,” ജനറൽ രാജാസുബ്രഹ്മണി പറഞ്ഞു.
നാലു വർഷത്തെ സേവന കാലാവധി പൂർത്തിയാക്കി ആദ്യ ബാച്ചിലെ പതിനെട്ടായിരത്തിലധികം അഗ്നിവീർ സൈനികർ ഡിസംബർ 31-ഓടെ സേവനത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. 2022 ജൂൺ 14-നാണ് ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. നാല് വർഷത്തെ അഗ്നിവീർകളുടെ പ്രകടനം തുടർച്ചയായി വിലയിരുത്തിയിരുന്നുവെന്നും അതിൽ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും സംയുക്ത സേനാ മേധാവി കൂട്ടിച്ചേർത്തു.
പുതിയ തീരുമാനം അനുസരിച്ച് 25 ശതമാനം പേർ തുടക്കത്തിൽ തന്നെ സേനയുടെ ഭാഗമായി സ്ഥിരമാകും. ശേഷിക്കുന്ന 75 ശതമാനം പേർക്ക് സേവനത്തിൽ തുടരാൻ രണ്ട് വർഷം കൂടി അധികമായി ലഭിക്കും. അതിനുശേഷം, സ്ഥിരം സായുധ സേനയിൽ ചേരാനുള്ള മറ്റൊരു അവസരം കൂടി അവർക്ക് ലഭിക്കുന്നതായിരിക്കും. ഈ അധിക കാലയളവിന് ശേഷം ഇവരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള പ്രക്രിയകൾ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നടപ്പിലാക്കുകയെന്ന് സംയുക്ത സേനാ മേധാവി വ്യക്തമാക്കി.
For more details: The Indian Messenger



