FILMS & ENTERTAINMENT

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തു; മാങ്കുളത്തും തൊടുപുഴയിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.

തൊടുപുഴ: ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ, ചെക്ക് ഷർട്ടും കറുത്ത മുണ്ടുമണിഞ്ഞ് മോഹൻലാൽ കാറിൽ നിന്നിറങ്ങി. തൊടുപുഴയ്ക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുപറമ്പിലേക്കാണ് മോഹൻലാൽ എത്തിയത്. അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ‘L368’ എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ തൊടുപുഴ ലൊക്കേഷനിലാണ് മോഹൻലാൽ ജോയിൻ ചെയ്തത്.

ഒക്ടോബർ 30 വെള്ളിയാഴ്ച കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ സിനിമയിൽ നവംബർ രണ്ട് മുതലാണ് മോഹൻലാൽ അഭിനയിച്ചു തുടങ്ങിയത്. തികച്ചും സാധാരണക്കാരന്റെ വേഷവിധാനത്തിലാണ് താരം എത്തിയത്. എങ്കിലും ഈ കഥാപാത്രത്തിലൂടെ അനൂപ് സത്യൻ എന്തൊക്കെ സസ്പെൻസുകളാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കേണ്ടിയിരിക്കുന്നു.

‘L368’ എന്ന് നൽകിയിരിക്കുന്ന താൽക്കാലിക നാമത്തിൽ ഒരു സൈൻ ലാംഗ്വേജ് എലമെന്റ് ഒളിഞ്ഞിരിപ്പുണ്ട്. ഇതിലെ ‘L’ എന്നത് ‘ലൗ’ (Love) എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയിൽ സംവിധായകൻ അനൂപ് സത്യൻ വ്യക്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രം ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ്ജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ജോണർ കൃത്യമായി പറയുക പ്രയാസമാണെന്ന് സംവിധായകൻ പറഞ്ഞു. പ്രണയം, ഇമോഷണൽ ഡ്രാമ, നർമ്മം, ആക്ഷൻ എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്. കൊച്ചി, ഇടുക്കി, മംഗലാപുരം ഉൾപ്പെടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിലും മഹാരാഷ്ട്രയിലുമായി വേറിട്ട ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.

മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഇവാ, തെന്നൽ, മുകേഷ്, അജു വർഗ്ഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൈതപ്രത്തിന്റെ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു. ഛായാഗ്രഹണം: ഷഹ്നാസ് ജലാൽ, കലാസംവിധാനം: പ്രശാന്ത് മാധവൻ, കോസ്റ്റ്യൂം ഡിസൈൻ: സുജിത് സുധാകർ, മേക്കപ്പ്: സജീവ് സജി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, വി.എഫ്.ക്സ്: വിഷ്ണു പിഷാരടി, ആക്ഷൻ: സ്റ്റണ്ട് സെൽവ. എസ്തറ്റിക് കുഞ്ഞമ്മയാണ് പോസ്റ്റർ ഡിസൈൻ. അതുല്യ മധു ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ആദർശ് ലൈല സുന്ദർ പ്രൊഡക്ഷൻ മാനേജരായും, ശ്രീകുട്ടൻ, ധനേഷ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളായും പ്രവർത്തിക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ. ചിത്രം ആശീർവാദ് റിലീസ് തിയേറ്ററുകളിലെത്തിക്കും. വാർത്താ: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button